നഗരപരിധിയിൽ തെരുവുനായ്ക്കൾക്ക് പ്രത്യേക വാക്സിനേഷൻ ഡ്രൈവ്
text_fieldsകോഴിക്കോട്: തെരുവുനായ് ശല്യം പരിഹരിക്കാൻ നഗരപരിധിയിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്താൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
നിലവിൽ നഗരപരിധിയിലെ ഹോട്സ്പോട്ടുകളായ ബേപ്പൂർ, അരക്കിണർ, ബീച്ച് പരിസരം, ഗോവിന്ദപുരം എരവത്ത്കുന്ന് എന്നിവിടങ്ങളിൽ ഉടൻ വാക്സിനേഷൻ ക്യാമ്പ് നടത്തും.
നടുവട്ടം ഗോവിന്ദവിലാസം സ്കൂൾ പരിസരത്ത് ആദ്യ ക്യാമ്പ് ചൊവ്വാഴ്ച നടക്കും. ഹോട്സ്പോട്ടുകൾക്കുപുറമെ വാർഡ് തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്ര ആക്ഷൻ പ്ലാൻ തയാറാക്കിയാണ് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുക.
നിലവിൽ നായ്ക്കളെ പിടിക്കുന്നവർക്കുപുറമെ നായ്ക്കളെ പിടികൂടുന്നതിൽ പ്രാവീണ്യമുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്തും. ഇതിനുപുറമെ വളർത്തു നായ്ക്കൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് പ്രത്യേകം ക്യാമ്പും സംഘടിപ്പിക്കും.
ഇതിനായി സർക്കിൾ അടിസ്ഥാനത്തിൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ഉടൻ യോഗം വിളിക്കും. തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നതുസംബന്ധിച്ച് ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഉച്ചക്ക് പ്രത്യേക കൗൺസിൽ യോഗവും ചേരും.
തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ കോഴിക്കോട് കോർപറേഷൻ കക്ഷി ചേരുന്നതിനും യോഗത്തിൽ തീരുമാനമായി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

