യാത്രാദുരിതത്തിന് ആശ്വാസമായി സ്പെഷൽ ട്രെയിനുകളും ബസുകളും
text_fieldsകോഴിക്കോട്: അവധിക്കാലത്ത്, പ്രത്യേകിച്ച് ഉത്സവ സീസണിൽ നാട്ടിലേക്കുള്ള യാത്ര ഇതര സംസ്ഥാനത്തെ മലയാളികള്‍ക്ക് വലിയൊരു വെല്ലുവിളിയാണ്. അവധിക്കാലവും വിഷുവും ഈസ്റ്ററും എല്ലാം ഒന്നിച്ചെത്തുമ്പോൾ ട്രെയിനുകളിൽ ഇരട്ടി തിരക്കാണ്. തിരക്ക് കൂടുമ്പോൾ ചാർജ് വര്‍ധിപ്പിക്കുന്ന ബസുകള്‍ തന്നെയാണ് ആ വെല്ലുവിളിയിലെ വില്ലന്മാര്. റെയിൽവേയുടെ ഇടപെടൽ കൊണ്ടുമാത്രമേ യാത്രാപ്രശ്നത്തിന് പരിഹാരമാകാറുള്ളൂ.
സംസ്ഥാനത്തേക്ക് അവധിക്കാലത്ത് കൂടുതല്‍ ട്രെയിനുകള്‍ ഷെഡ്യൂൾ ചെയ്യണമെന്ന യാത്രക്കാരുടെ ആവശ്യം പലപ്പോഴും പരിഗണിക്കപ്പെടാറില്ല. എന്നാല്‍, ഇത്തവണ റെയില്‍വേയുടെ ഭാഗത്തുനിന്ന് ആശ്വാസ വാര്‍ത്തകളാണ് വരുന്നത്.
മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന ബംഗളൂരുവിൽനിന്നും മറ്റും സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കാലത്തേക്ക് മാത്രമായി വാരാന്ത്യങ്ങളിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചത് കൂടാതെ വിഷു, ഈസ്റ്റർ ഉത്സവ സീസണിലേക്കും ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, തെക്കൻ കേരളത്തിലേക്ക് മാത്രമാണ് അനുവദിച്ചതെന്നും വടക്കൻ കേരളത്തിലേക്ക് ട്രെയിനുകളില്ലെന്നുമുള്ള പരാതികളും ഉയരുന്നുണ്ട്. മംഗളൂരു റൂട്ടിലും സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നതാണ് തെല്ല് ആശ്വാസമാകുന്നത്. വീക്ക്ലി സ്പെഷല്‍ ട്രെയിന്‍ എന്ന നിലയിലാണ് സര്‍വിസ് പ്രഖ്യാപിച്ചത്.
ശനിയാഴ്ചകളില്‍ മംഗളൂരുവിൽനിന്ന് വൈകീട്ട് പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകീട്ട് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. മംഗളൂരു ജങ്ഷന് കൊച്ചുവേളി വാരാന്ത്യ സ്പെഷല്‍ ട്രെയിന്‍ മംഗളൂരുവിൽനിന്ന് ശനിയാഴ്ച വൈകീട്ട് ആറിന് പുറപ്പെടും. ഞായറാഴ്ച രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. ഏപ്രില്‍ 19, 26, മേയ് മൂന്ന് തീയതികളിലാണ് ഇനി സർവിസുള്ളത്. തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു വീക്കിലി സ്പെഷല്‍ ട്രെയിൻ ഏപ്രിൽ 20, 27, മേയ് നാല് എന്നീ ഞായറാഴ്ചകളില്‍ വൈകീട്ട് 6.40ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ഏഴിന് മംഗളൂരു ജങ്ഷനില്‍ എത്തുന്ന രീതിയിലാണ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്.
വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവിസുകളിലും തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് വിവിധ ക്രമീകരണങ്ങളും ഒരുക്കിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. എട്ടുമുതൽ 22 വരെയാണ് പ്രത്യേക സർവിസുകൾ നടത്തുക. കേരളത്തിലെ വിവിധ യൂനിറ്റുകളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവിസുകളുണ്ട്. അതേസമയം, ലോക്കൽ ട്രെയിനുകളിലെ കോച്ച് പരിമിതി മൂലം യാത്രാദുരിതം ഇരട്ടിയായെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

