സൂരജ്-ഷഹബാസ് ആൾക്കൂട്ടക്കൊല; ജീവനെടുത്തത് കലാലയത്തിലെ നിസ്സാര തർക്കം
text_fields1. മനോജ്കുമാർ, 2. അജയ് മനോജ്, 3. വിജയ് മനോജ്, 4. അനന്തു കൃഷ്ണ, 5. അശ്വിൻ ശങ്കർ, 6. യദുകൃഷ്ണ, 7. അഭിശാന്ത്, 8. നിഹാൽ, 9. അഭിജയ് കൃഷ്ണ
കോഴിക്കോട്: സ്കൂളിലും കോളജിലും വെച്ചുണ്ടായ നിസ്സാര കാര്യങ്ങളുടെ പേരിൽ ജില്ലയിൽ രണ്ടുമാസത്തിനിടെയുണ്ടായ രണ്ടാമത്തെ ക്രൂര കൊലപാതകമാണ് മായനാട് സ്വദേശി സൂരജിന്റേത്. താമരശ്ശേരിയിൽ വിദ്യാർഥികളുടെ ക്രൂര മർദനമേറ്റ് എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് മാർച്ച് ഒന്നിന് മരിച്ചതായിരുന്നു മറ്റൊന്ന്. ഈ വർഷം തന്നെ സ്കൂളിലെയും കോളജിലെയും വാക് തർക്കങ്ങൾ കൈവിട്ടുപോയി വലിയ സംഘർഷങ്ങളായതിനെ ചൊല്ലിയുള്ള കേസുകളും വിവിധ പൊലീസ് സ്റ്റേഷനുകളിൽ വേറെയുമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്സാര കാര്യങ്ങളെ ചൊല്ലിയുണ്ടാകുന്ന തർക്കങ്ങളിൽ പുറത്തുനിന്ന് ആളെക്കൂട്ടി ഉത്സവ സ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലുമെല്ലാം വെച്ച് ‘കണക്കുതീർക്കുന്നതാണ്’ പലപ്പോഴും വലിയ സംഘർഷമായി മാറുന്നത്. കൊടുവള്ളി, നാദാപുരം, കൊയിലാണ്ടി, വടകര അടക്കമുള്ള സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങൾ തുടരെയുണ്ടായത്.
മായനാട് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൂരജിന്റെ സുഹൃത്ത് അശ്വന്തും കേസിൽ അറസ്റ്റിലായ വിജയ് മനോജും ജൂനിയർ, സീനിയർ വിദ്യാർഥികളായി പഠിക്കുന്ന ചെത്തുകടവ് എസ്.എൻ.ഇ.എസ് കോളജിലുണ്ടായ പറഞ്ഞുതീർക്കാവുന്ന നിസ്സാര കാര്യമാണ് ആൾക്കൂട്ട ആക്രമണത്തിലേക്കും നാടിനെ നടുക്കിയ കൊലയിലേക്കും നയിച്ചത്.
അശ്വന്തും സുഹൃത്തും കോളജ് കാമ്പസിൽ കാർ കൊണ്ടുവന്ന് പാർക്ക് ചെയ്തത് വിജയ് മനോജ് ചോദ്യം ചെയ്തിരുന്നു. നേരത്തെ നടന്ന ഈ സംഭവത്തെ ചൊല്ലി പലവട്ടം ഇരുവരും തമ്മിൽ കശപിശയും ഉണ്ടായി. ഇത് വിദ്യാർഥികൾക്കിടയിൽ പകയായി വളർന്നതാണ് ക്രൂരമർദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് കേസന്വേഷിക്കുന്ന ചേവായൂർ പൊലീസ് തന്നെ പറയുന്നത്.
ശനിയാഴ്ച രാത്രി പാലക്കോട്ടുവയൽ തിരുത്തിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് അശ്വന്ത് എത്തിയപ്പോൾ വിജയ് മനോജും കൂട്ടാളികളായ 15ഓളം പേരും ചേർന്ന് തടഞ്ഞുവെച്ചതോടെ തർക്കമുണ്ടാവുകയായിരുന്നു. ഇതിൽ അശ്വന്തിനായി സൂരജ് ഇടപെട്ടു. നേരത്തെയും സൂരജ് അശ്വന്തിന്റെ ഭാഗം പറഞ്ഞിരുന്നു.
തർക്കം പറഞ്ഞുതീർത്ത് എല്ലാവരും പിരിഞ്ഞെങ്കിലും അക്രമി സംഘം പിന്നീട് കൊലവിളി നടത്തി സൂരജിനെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അച്ഛനും രണ്ടു മക്കളും പ്രായപൂർത്തിയാവാത്തയാളുമടക്കം പത്തുപേരെയാണ് ചേവായൂർ പൊലീസ് അറസ്റ്റുചെയ്തത്.
ഏതാണ്ട് സമാനമാണ് രണ്ടുമാസം മുമ്പുണ്ടായ താമരശ്ശേരിയിലെ ഷഹബാസ് വധവും. താമരശ്ശേരി ട്രിസ് ട്യൂഷൻ സെന്ററിലെ സെന്റ് ഓഫ് ചടങ്ങിനിടെ കരോക്കെ ഗാനമേള നടന്നിരുന്നു. ഇതിനിടെ മൈക്ക് പ്രവർത്തനരഹിതമായപ്പോൾ ഒരു വിഭാഗം വിദ്യാർഥികൾ കൂകിവിളിച്ചു. ഇതിനെതിരെ മറുവിഭാഗം രംഗത്തുവന്നു.
പിന്നീട് ഇത് വിദ്യാർഥികൾക്കിടയിൽ പകയായി മാറി. വാട്സ് ആപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം വഴിയും ഇരു വിഭാഗവും ഭീഷണി മുഴക്കി. ദിവസങ്ങൾക്കുള്ളിൽ താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് വിദ്യാർഥികൾ തമ്മിൽ ഇതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാവുകയും ഇതിൽ ക്രൂര മർദനമേറ്റ ഷഹബാസ് ചികിത്സക്കിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. ഈ കേസിൽ വിദ്യാർഥികളായ ആറുപേരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.
രണ്ടുമാസത്തിനിടെയുണ്ടായ രണ്ടു കൊലപാതകങ്ങളിൽ ഒന്ന് കോളജ് കാമ്പസിൽ കാർ പാർക്ക് ചെയ്തതിനെ ചൊല്ലിയും മറ്റൊന്ന് സെന്റ് ഓഫിലെ ഗാനമേളക്കിടെ മൈക്ക് ഓഫായതുമായി ബന്ധപ്പെട്ടുമാണ്. ഈ രണ്ട് പ്രശ്നം നടക്കുമ്പോഴും സംഭവസ്ഥലത്തുപോലും ഇല്ലാത്തവരാണ് ഇതിനെ ചൊല്ലി പിന്നീടുണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത് എന്നതാണ് വിചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

