സൂരജ് വധം; നാടിനെ നടുക്കിയ കൊലപാതകം നിസ്സാര കാര്യത്തിന്റെ പേരിൽ
text_fieldsകോഴിക്കോട്: നാടിനെ നടുക്കി ഇരുപതുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത് വിദ്യാർഥികൾ തമ്മിലുള്ള നിസ്സാര തർക്കത്തിന്റെ പേരിൽ. മരിച്ച മായനാട് പാലക്കോട്ടുവയൽ സ്വദേശി സൂരജിന്റെ സുഹൃത്തായ അശ്വന്തും അറസ്റ്റിലായ വിജയ് മനോജും പഠിക്കുന്നത് ചാത്തമംഗലം എസ്.എൻ.ഇ.എസ് കോളജിലാണ്. കോളജ് കാമ്പസിൽ കാർ കയറ്റിയതുമായി ബന്ധപ്പെട്ട് ജൂനിയർ, സീനിയർ വിദ്യാർഥികളായ ഇരുവരും തമ്മിൽ നേരത്തേ ചെറിയ കശപിശയുണ്ടായിരുന്നു. ഇതിനെ ചൊല്ലി പലകുറി ഭീഷണിപ്പെടുത്തലുമുണ്ടായി. അതിനിടെയാണ് ശനിയാഴ്ച രാത്രി അശ്വന്ത് പാലക്കോട്ടുവയൽ തിരുത്തിക്കാവ് ക്ഷേത്ര ഉത്സവത്തിനെത്തുന്നത്. ഇവിടെവെച്ച് വിജയും കൂട്ടാളികളും അശ്വന്തിനെ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇതോടെ സൂരജ് സുഹൃത്തായ അശ്വന്തിനായി ഇടപെട്ടു. ഇതിൽ പ്രതികൾക്ക് സൂരജിനോട് വൈരാഗ്യമായി. ആദ്യം പ്രശ്നം പറഞ്ഞുതീർത്ത് പിൻവാങ്ങിയെങ്കിലും വിജയ് യുടെ പിതാവ് മനോജ് ഉൾപ്പെടെയുള്ളവർ പ്രകോപനം മുഴക്കുകയും ഇരുവരും തമ്മിൽ തല്ലിത്തീർത്തോട്ടെ എന്നടക്കം പറയുകയും ചെയ്തതോടെയാണ് വീണ്ടും പ്രശ്നം തുടങ്ങിയത്. പ്രശ്നം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് അക്രമിസംഘം സൂരജിനെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെവെച്ച് സംസാരിക്കുന്നതിനിടെ വീണ്ടും തർക്കമുണ്ടാവുകയും അറസ്റ്റിലായ പ്രതികളടക്കം 15ലേറെ പേർ സൂരജിനെ ക്രൂരമായി മർദിക്കുകയുമായിരുന്നുവത്രെ.
വയറിന് കുത്തേറ്റ സൂരജ് നിലത്ത് വീണപ്പോഴും അക്രമികൾ ശരീരമാസകലം ചവിട്ടി. ഇതാണ് ഗുരുതര പരിക്കായത്. ചെരിപ്പിട്ടുള്ള ശക്തമായ ചവിട്ടിൽ വാരിയെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റതാണ് മരണകാരണം. ബോധരഹിതനായ സൂരജിനെ നാട്ടുകാർ ഇടപെട്ടാണ് അർധരാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രിതന്നെ സൂരജ് മരിച്ചു. കഴുത്തിനേറ്റ ഗുരുതര പരിക്കിനെതുടർന്ന് ശ്വാസം മുട്ടിയാണ് സൂരജിന്റെ മരണമെന്നാണ് മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ പ്രാഥമികമായി വ്യക്തമായത്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ കേസന്വേഷിക്കുന്ന ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

