സോഫ്റ്റ്വെയർ മാറ്റം; ഹെഡ്പോസ്റ്റ് ഓഫിസിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്
text_fieldsകോഴിക്കോട്: പുതിയ സോഫ്റ്റ്വെയറിലേക്ക് മാറിയതോടെ ഹെഡ്പോസ്റ്റ് ഓഫിസിൽ സേവനങ്ങൾക്ക് കാത്തിരിപ്പ് നീളുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണം പതിവിലേറെ സമയമെടുക്കുന്നതാണ് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഒരുപോലെ വിനയാകുന്നത്. നീണ്ട കാത്തിരിപ്പ് ജീവനക്കാരുമായുള്ള വാക്കേറ്റത്തിനും കാരണമാകുന്നു.
കഴിഞ്ഞ 22 മുതലാണ് തപാൽ വകുപ്പ് സ്വന്തമായി വികസിപ്പിച്ച അഡ്വാൻസ് പോസ്റ്റൽ ടെക്നോളജി (എ.പി.ടി) സോഫ്റ്റ്വെയർ കേരള സർക്കിളിൽ നടപ്പാക്കിയത്. ഇതോടെ രജിസ്ട്രേഡ് പോസ്റ്റ്, അന്താരാഷ്ട്ര ബുക്കിങ്ങുകൾ, സ്പീഡ് പോസ്റ്റ്, പാർസൽ സർവിസ് തുടങ്ങിയവക്കെല്ലാം നേരത്തേ വേണ്ടിവരുന്ന സമയത്തേക്കാൾ ഇരട്ടിയും അതിലധികവുമാണ് പുതിയ സോഫ്റ്റ്വെയറിൽ വേണ്ടിവരുന്നത്. അന്താരാഷ്ട്ര ബുക്കിങ്ങുകൾക്ക് നേരത്തേ പരമാവധി 10 മിനിറ്റാണ് വന്നിരുന്നതെങ്കിൽ ഇപ്പോഴത് അരമണിക്കൂർ വരെയാകുന്നുണ്ട്.
ദിനംപ്രതി 300ഓളം ടോക്കൺ ഹെഡ്പോസ്റ്റ് ഓഫിസിൽ നൽകുന്നുണ്ട്. രാത്രി എട്ടുവരെ സേവനം ലഭ്യമാകുന്നതിനാൽ മറ്റ് ഓഫിസുകളിൽ ജോലി ചെയ്യുന്നവരടക്കം നല്ലൊരുപങ്ക് ആളുകളുമെത്തുന്നത് വൈകുന്നേരങ്ങളിലാണ്. ഈ സമയത്ത് കാത്തിരിപ്പിന്റെ ദൈർഘ്യം കൂടുകയാണ്. കഴിഞ്ഞ ദിവസം മൂന്നു മണിക്കൂറിലേറെ കാത്തിരുന്നിട്ടും കാര്യം നടക്കാതെ മടങ്ങേണ്ടി വന്ന ഒരാൾ തൊട്ടടുത്ത ദിവസവും അത്രതന്നെ സമയം ഇരിക്കേണ്ടിവന്നതിനെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ കുറിപ്പ് ഇട്ടിരുന്നു.
ഉപഭോക്താക്കളുടെ പ്രയാസം കണക്കിലെടുത്ത് ഒരു കൗണ്ടർ അധികം ക്രമീകരിക്കുകയും ടോക്കൺ നൽകിയ മുഴുവൻ ആളുകൾക്കും സേവനം നൽകുന്നതിന് പ്രവർത്തന സമയം രാത്രി 10 വരെ ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സീനിയർ പോസ്റ്റ് മാസ്റ്റർ പി. പ്രമോദ് കുമാർ പറഞ്ഞു. പുതിയ സംവിധാനത്തിലേക്ക് മാറിയപ്പോഴുണ്ടായ പ്രശ്നങ്ങൾ ഏതാനും ദിവസങ്ങൾക്കകം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

