സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ; നാദാപുരത്ത് വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ കണ്ടെത്തി
text_fieldsനാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച വരുമാന സർട്ടിഫിക്കറ്റുകളിൽ വ്യാജൻ. പഞ്ചായത്ത് ഓഫിസിൽ ലഭിച്ച 10 വരുമാന സർട്ടിഫിക്കറ്റുകളാണ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യാജനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം പഞ്ചായത്തിൽ ലഭിച്ച അപേക്ഷകൾ വ്യാഴാഴ്ച കമ്പ്യൂട്ടറിൽ അപ് ലോഡ് ചെയ്യാൻ പരിശോധനക്കെടുത്തപ്പോഴാണ് 10 അപേക്ഷകളിൽ അധികൃതർക്ക് സംശയം തോന്നിയത്. തുടർന്ന് 10 സർട്ടിഫിക്കറ്റുകളും നാദാപുരം വില്ലേജ് ഓഫിസിൽ പരിശോധനക്ക് അയക്കുകയായിരുന്നു.
വില്ലേജ് ഓഫിസിൽ നടത്തിയ വിശദ പരിശോധനയിൽ ഇവ വില്ലേജിൽനിന്ന് നൽകിയതല്ലെന്നും കൃത്രിമമായി നിർമിച്ചതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
വരുമാന സർട്ടിഫിക്കറ്റിലെ രേഖകളിലെ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യാൻ കഴിയാതെ വന്നതാണ് പഞ്ചായത്ത് അധികൃതരിൽ സംശയം ഉണർത്തിയത്.
തുടർന്ന് വില്ലേജ് അധികൃതർ വടകര തഹസിൽദാർക്കും താലൂക്കിലെ ക്ഷേമ പെൻഷൻ കൈകാര്യം ചെയ്യുന്ന അധികൃതർക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചതായും കലക്ടർക്കും നാദാപുരം പൊലീസിലും പരാതി നൽകുമെന്നും വടകര തഹസിൽദാർ അശ്വതി ബി. നായർ പറഞ്ഞു.
മൂവായിരത്തോളം സർട്ടിഫിക്കറ്റുകളാണ് സാമൂഹിക സുരക്ഷ പെൻഷന്റെ ഭാഗമായി വില്ലേജിൽനിന്ന് അനുവദിച്ചത്.