പ്രചാരണത്തിൽ കൂടുതൽ വോട്ട് സോഷ്യൽ മീഡിയക്കും റീൽസിനും
text_fieldsകുന്ദമംഗലത്ത് സ്റ്റുഡിയോ ഫ്ലോറിൽ ഫോട്ടോഗ്രാഫർ വിനിലാലിനോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മലും പത്താം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി എം.എം. സുധീഷ് കുമാറും.
കുന്ദമംഗലം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ രീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത പ്രചാരണ രീതികൾക്കൊപ്പം റീൽസും സോഷ്യൽ മീഡിയയും അരങ്ങു തകർക്കുകയാണ്. എതിരാളി ആരായാലും സാമൂഹ മാധ്യങ്ങളെയും റീൽസുകളെയും ആയുധമാക്കിയാണ് എല്ലാ സ്ഥാനാർഥികളും കളം പിടിച്ചിട്ടുള്ളത്.
മതിലുകളിൽ ചുവരെഴുത്തും പോസ്റ്ററുകളും പതിപ്പിച്ചിരുന്ന കാലം പിന്നിലാകുമ്പോൾ, ഇപ്പോൾ സമൂഹമാധ്യമങ്ങളാണ് പ്രചാരണത്തിന്റെ മുഖ്യ വേദിയായി മാറുന്നത്. മുന്നണി സ്ഥാനാർഥികൾക്കായി കുന്ദമംഗലത്ത് വിനിലാൽ ഫോട്ടോഗ്രാഫിയിൽ അഞ്ച് പേരടങ്ങുന്ന ടീം സർവ സജ്ജമാണ്. ഫോട്ടോഗ്രാഫർ വിനിലാൽ പിലാശ്ശേരിയുടെ നേതൃത്വത്തിൽ സ്ഥാനാർഥികൾ ആദ്യ ഘട്ടത്തിൽ സ്റ്റുഡിയോ ഫ്ലോറിൽ ഫോട്ടോ ഷൂട്ടും ഇൻട്രൊക്ഷൻ വിഡിയോയും ചെയ്യുന്ന തിരക്കിലായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്ത പ്രചാരണം നടത്താൻ മുന്നണികളുടെ മത്സരമാണ്. ട്രെൻഡിനൊപ്പമാണ് സ്ഥാനാർഥികൾ. പഴയകാല പോസ്റ്റര്‍ പതിപ്പിക്കലും വീടുവീടാന്തരം കയറിയുള്ള വോട്ടഭ്യര്‍ഥനയും വാഹനപ്രചാരണവും ഒരു പരിധിവരെ മാത്രമേ ജനങ്ങളിലെത്തുന്നുള്ളൂ എന്ന് മനസിലാക്കിയ സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം കൊഴുപ്പിച്ചിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ ഔട്ട്ഡോർ ഷൂട്ട്, സ്ഥാനാർഥി പര്യടനം, കണ്ടന്റ് ക്രിയേഷൻ, വോട്ട് അഭ്യർഥന എന്നിവയാണ് ചെയ്യുന്നതെന്ന് വിനിലാൽ പിലാശ്ശേരി പറഞ്ഞു. സ്ഥാനാർഥികളുടെ പ്രഫഷനുമായി ബന്ധപ്പെട്ട സ്‌ക്രിപ്റ്റ് തയാറാക്കുകയും അത് ഷൂട്ട് ചെയ്യുകയുമാണ് ഇനിയുള്ളത്. ആശവർക്കർമാർ, ഹരിത കർമസേന എന്നിവിടങ്ങളിൽ നിന്നുള്ളവരാണെങ്കിൽ അതായിരിക്കും 45 സെക്കൻഡ് ഉള്ള റീലിലെ സ്‌ക്രിപ്റ്റ്. സിനിമയെ ഓർമിപ്പിക്കുന്ന റീലുകളും പ്രചാരണ വോയ്‌സ് മെസേജുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഫോട്ടോഗ്രാഫിയുടെ പുതുസാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ആകർഷകമായ പ്രചാരണ സാമഗ്രികൾ സൃഷ്ടിക്കുന്ന തിരക്കിലാണ് ടീം വിനിലാൽ ഫോട്ടോഗ്രാഫി. വ്യത്യസ്‌തമായ ഡിസൈനുകളുള്ള പോസ്‌റ്ററുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍, ട്രെൻഡിങ് റീലുകള്‍, എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വിഡിയോകള്‍ തുടങ്ങി എല്ലാ അടവുകളും പയറ്റിയാണ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. ഏതുവിധേനയും കുറച്ച് വോട്ട് മറിക്കാനുള്ള എല്ലാ തത്രപ്പാടും സ്ഥാനാർഥികളോടൊപ്പം ഫോട്ടോഗ്രാഫി ടീമും പരീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

