കല്ലായിപ്പുഴയിൽനിന്ന് ആറ് ലോഡ് ചളി നീക്കി
text_fieldsകോതി പാലത്തിന് സമീപം അഴിമുഖത്ത് ചളി നീക്കം ചെയ്യുന്നു
കോഴിക്കോട്: കല്ലായിപ്പുഴയിലെ ചളിയും മണ്ണും നീക്കി ആഴം കൂട്ടുന്ന പ്രവൃത്തി ഒരാഴ്ച പിന്നിട്ടപ്പോൾ മൊത്തം ആറ് ലോഡ് ചളി കടലിൽ കൊണ്ടുപോയി തള്ളിയതായി ഇറിഗേഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി. അജയൻ അറിയിച്ചു. ഒരു ലോഡിൽ 800 ക്യുബിക് മീറ്റർ ചളിയെങ്കിലും കൊള്ളും. ഇത്തരം ആറ് ലോഡാണ് നീക്കിയത്. ചെറിയ ടിപ്പർ ലോറിയിൽ മൂന്ന് ക്യൂബിക് മീറ്ററാണ് സാധാരണയായി കൊള്ളുക. മൊത്തം 3.29 ലക്ഷം ക്യൂബിക് മീറ്റർ ചളി എടുത്തുമാറ്റാനാണ് കരാർ നൽകിയിരിക്കുന്നത്. മഴക്ക് മുമ്പുതന്നെ മുഴുവൻ മാറ്റാനാവുമെന്നാണ് പ്രതീക്ഷ.
ലോകത്തെ എറ്റവും പ്രധാന മരവ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലായിപ്പുഴയിൽ ആഴ്ന്നുകിടക്കുന്ന മരങ്ങളുണ്ടെങ്കിൽ എടുത്ത് ലേലം ചെയ്യാനും മറ്റും കരാറിൽ വ്യവസ്ഥയുണ്ടെങ്കിലും അധികം മരം ഉണ്ടാവില്ലെന്ന നിഗമനത്തിലാണ് അധികൃതർ. മര വ്യവസായികൾക്കെല്ലാം ക്രെയിനുകളും മറ്റുമുള്ള സാഹചര്യത്തിൽ പരമാവധി മരങ്ങൾ നീക്കിക്കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. 2.2 മീറ്റർ ആഴത്തിലാണ് ഇപ്പോൾ ചെളി നീക്കുന്നത്. അതിനാൽ അതിനുമടിയിൽ കിടക്കുന്ന മരങ്ങൾ കണ്ടെത്തുക പ്രയാസമാവും.
അഴിമുഖത്തായതിനാൽ കനത്ത തിര ചളിയെടുക്കലിന് പ്രയാസമുണ്ടാക്കുന്നുണ്ട്. തിരയിൽ ഡ്രഡ്ജറും ബാർജും കൂട്ടിയിടിച്ച് ദ്വാരം വീണതിനാൽ രണ്ട് ദിവസം മണ്ണ് നീക്കൽ നിർത്തിവെക്കേണ്ടിവന്നു. അതിനു ശേഷം ഞായറാഴ്ച മണ്ണെടുക്കൽ പുനരാരംഭിക്കുകയായിരുന്നു. അടുത്തടുത്ത് നിർത്തിയിട്ടാണ് മണ്ണ് കോരിയിടുന്നത് എന്നതിനാലാണ് തിര ശക്തമാവുമ്പോൾ ഇവ കൂട്ടിയിടിക്കാനുള്ള സാധ്യതയേറുന്നത്. കടലിനോട് ചേർന്ന ഭാഗത്ത് തിര കാരണം ചളി എളുപ്പം നീക്കാനാവാത്തതാണ് ജോലി വേഗം കുറയാൻ കാരണം. അഴിമുഖം കഴിഞ്ഞ് പുഴയിലേക്ക് നീങ്ങുമ്പോൾ തിരയടിയില്ലാത്തതിനാൽ പെട്ടെന്ന് തീർക്കാനാവും. കൂടുതൽ ഡ്രഡ്ജറുകൾ പുഴയിൽ ഉപയോഗിക്കാനുമാവും.
പുഴയിലെ മാലിന്യങ്ങളും ചളിയും നീക്കം ചെയ്യുന്നതിന് കോഴിക്കോട് കോർപറേഷന്റെ 12.98 കോടി രൂപ ഉപയോഗിച്ച് ജലസേചന വകുപ്പിന്റെ മണ്ണ് നീക്കൽ പ്രവർത്തനങ്ങളാണ് കഴിഞ്ഞയാഴ്ച ആരംഭിച്ചത്. കോതി അഴിമുഖത്തുനിന്നാണ് ചളിയെടുക്കൽ ആരംഭിച്ചത്. ഡ്രഡ്ജറിൽ ഹിറ്റാച്ചി ഉപയോഗിച്ച് കോരിയെടുക്കുന്ന ചളിയും മാലിന്യങ്ങളും ബാർജറിൽ കയറ്റി കടലിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ തള്ളാനുള്ള നടപടിയാണ് തുടങ്ങിയത്. ബാർജർ പൂർണമായി ചളി നിറഞ്ഞ ശേഷമാണ് കടലിൽ കൊണ്ടുപോയി തള്ളുക. ബാർജറിന്റെ സുഗമമായ യാത്രക്ക് വേലിയേറ്റമാണ് നല്ലത്. അതിനാൽ വേലിയേറ്റ സമയംകൂടി പരിഗണിച്ചാണ് ചളിനീക്കം. വലിയ ബാർജ്, എക്സ്കവേറ്റർ, മണ്ണുമാന്തി തുടങ്ങിയവ ഉപയോഗിച്ചാണ് പ്രവൃത്തി.
കോതി അഴിമുഖത്തുനിന്ന് മാങ്കാവ് കടുപ്പിനിവരെ നാലര കിലോമീറ്റർ ദൂരത്തിലെ ചളിയും മാലിന്യങ്ങളും നീക്കൽ ചെയ്യുന്ന പ്രവൃത്തി പൂർത്തിയായാൽ നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളിലെയും മഴക്കാലത്തെ വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

