ഇവിടെ ഒരു സിസ്റ്റമുള്ളപ്പോൾ, എന്തിനായിരുന്നു സർ ഹർഷിനയെ വെയിലത്ത് നിർത്തിയത്...?
text_fieldsകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ ഹർഷിന നടത്തിയ സമരം (ഫയൽ ചിത്രം ), ഹർഷിനക്ക് ജോലിവാഗ്ദാനവും ന്യായമായ നഷ്ടപരിഹാരവും ഉറപ്പുനൽകിയ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഹർഷിനയുടെ കുടുംബത്തിനും സമരസമിതി നേതാക്കൾക്കുമൊപ്പം
കോഴിക്കോട്: ആരോഗ്യചികിത്സാമേഖലയിലെ വീഴ്ചയെ നിസ്സാരമായിക്കണ്ട സർക്കാറിനെതിരെ ഹർഷിന എന്ന യുവതി നടത്തിയ സമാനതകളില്ലാത്ത പോരാട്ടം വിജയം കണ്ടു. കണ്ണീരും വേദനയും നിറഞ്ഞ ദിനങ്ങളിൽ ചേർത്തുപിടിക്കേണ്ട സർക്കാർ സംവിധാനം ‘ഈഗോ’യുടെ പേരിൽ ഒരു ഇരയെ തെരുവിൽ നിർത്തിയ കഥയാണ് സത്യത്തിൽ കഴിഞ്ഞ നാല് വർഷമായി കണ്ടത്. ഡോക്ടർമാർ വീഴ്ചകൾ സമ്മതിക്കാൻ തയാറാവാത്തവരാണെന്ന വിമർശനം പൊതുവേയുണ്ട്. ഇത് ശരിവെക്കുന്നതായിരുന്നു ഹർഷിന നേരിട്ട അസാധാരണമായ അനുഭവങ്ങൾ.
അവരുടെ പ്രശ്നത്തെ മാനുഷികമായി സമീപിച്ചില്ല എന്നതായിരുന്നു ഇടതു സർക്കാർ നേരിട്ട വിമർശനത്തിന്റെ ആകെത്തുക. ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് അഞ്ച് വർഷം വയറ്റിൽ കത്രികയുമായി (ഫോർസെപ്സ്) വേദന തിന്ന് കഴിഞ്ഞതിനേക്കാൾ കടുത്ത പീഡനമാണ് സമരകാലങ്ങളിൽ ഹർഷിന അനുഭവിക്കേണ്ടി വന്നത്. നീതി തേടി മെഡിക്കൽ കോളജിൽ ചെന്നപ്പോൾ അവർ സാങ്കേതികത്വം പറഞ്ഞ് കൈമലർത്തി. സർക്കാറും അവരുടെ പ്രശ്നം കൈകാര്യം ചെയ്തത് തികച്ചും സാങ്കേതികത്വത്തിലൂന്നിയാണ്. കത്രിക എവിടെ വെച്ചാണ് വയറ്റിൽ കുടുങ്ങിയത് എന്ന അന്വേഷണ നാടകം മനുഷ്യരുടെ സാമാന്യബോധത്തെ പരിഹസിക്കും വിധമുള്ളതായിരുന്നു.
രണ്ട് തവണ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വീഴ്ച സംഭവിച്ചത് എവിടെ നിന്നാണെന്ന് ആശയക്കുഴപ്പം പറഞ്ഞ് രണ്ട് അന്വേഷണസമിതികളും കൈകഴുകി. വീഴ്ച മെഡിക്കൽ കോളജിൽ വെച്ചാണ് ഉണ്ടായതെന്ന് പകൽ പോലെ വ്യക്തമാണ്. സമരം ജനകീയമാവുകയും വിമർശനം ശക്തമാവുകയും ചെയ്തപ്പോൾ വെറും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് വിഷയത്തെ എത്ര നിസാരമായാണ് കണ്ടതെന്ന് വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണമാണ് ഹർഷിനക്ക് അൽപമെങ്കിലും ആശ്വാസം പകർന്നത്.
മെഡിക്കൽ കോളജ് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഈ കത്രിക മെഡിക്കൽ കോളജിൽ വെച്ചുതന്നെയാണ് വയറ്റിൽ കുടുങ്ങിയതെന്ന് സ്ഥിരീകരിച്ചു. കൃത്യവിലോപം നടത്തിയ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതോടെ കേസ് കോടതിയിലാണെന്ന് പറഞ്ഞ് സർക്കാർ വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ അവസരമാക്കി. വീണ ജോർജ് ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്രയും മാനുഷ്യത്വവിരുദ്ധമായ സമീപനം ഹർഷിനയോട് കാണിച്ചത് എന്ന വിമർശനം ഇടതുസർക്കാർ നേരിടേണ്ടി വന്നു.
ഇവിടെ ഒരു സിസ്റ്റമുണ്ടെന്ന് ഊറ്റത്തോടെ അവകാശപ്പെട്ട മുൻ ആരോഗ്യമന്ത്രിക്കുള്ള മറുപടി കൂടിയാണിത്. കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ ഹർഷിനക്കൊപ്പം തുടക്കം മുതൽ ഒടുക്കം വരെ സമരസമതിക്ക് ഊർജസ്വലമായി നേതൃത്വം വഹിച്ചതിന്റെ വിജയം കൂടിയാണ് ഇന്നലെ ഉണ്ടായത്.
സംഭവം ഇങ്ങനെ
2017 നവംബർ 30ന് കോഴിക്കോട് അടിവാരം സ്വദേശിയായ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്നു. ശസ്ത്രക്രിയക്ക് ശേഷം വിട്ടുമാറാത്ത കടുത്ത വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. നിരവധി ചികിത്സകൾ തേടിയെങ്കിലും കൃത്യമായ കാരണം കണ്ടെത്താനായില്ല. 2022 സെപ്റ്റംബറിൽ മലാപറമ്പ് ഇഖ്റ ആശുപത്രിയിൽ നടത്തിയ വിശദമായ സ്കാനിങ്ങിൽ വയറ്റിൽ ലോഹ വസ്തുവുള്ളതായി കണ്ടെത്തി. തുടർന്ന് സെപ്റ്റംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ 11 സെന്റിമീറ്റർ നീളമുള്ള ശസ്ത്രക്രിയ കത്രിക പുറത്തെടുത്തു. കത്രിക പുറത്തെടുത്തതിന് പിന്നാലെ ഹർഷിന ആരോഗ്യവകുപ്പിനും പൊലീസിനും പരാതി നൽകി. ആരോഗ്യവകുപ്പ് രണ്ട് തവണ അന്വേഷണ കമീഷനെ വച്ചെങ്കിലും, കത്രിക കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണോ അതോ അതിന് മുൻപ് പ്രസവം നടന്ന ആശുപത്രികളിൽ നിന്നാണോ കുടുങ്ങിയതെന്ന് വ്യക്തമല്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ഈ റിപ്പോർട്ട് ഹർഷിന തള്ളി.
ഒന്നാം ഘട്ട സമരം
കുറ്റക്കാരെ കണ്ടെത്തണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് 2023 ജനുവരി അവസാനത്തോടെ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. സമരസമിതി രൂപീകരിക്കപ്പെടുകയും വലിയ ജനപിന്തുണ ലഭിക്കുകയും ചെയ്തു.
താൽക്കാലികമായി അവസാനിപ്പിക്കൽ
സമരം ശക്തമായതോടെ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ടെത്തി കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും ഉറപ്പ് നൽകി. തുടർന്ന് മാർച്ച് ആദ്യവാരം ഹർഷിന സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
രണ്ടാം ഘട്ട സമരം
100 ദിവസത്തിലധികം നീണ്ട ജനകീയ പോരാട്ടം (2023 മേയ് - സെപ്റ്റംബർ), സർക്കാർ പ്രഖ്യാപിച്ച അന്വേഷണം ഇഴഞ്ഞുനീങ്ങുകയും രണ്ട് ലക്ഷം രൂപയുടെ തുച്ഛമായ ധനസഹായം പ്രഖ്യാപിച്ച് കേസ് ഒതുക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ ഹർഷിന വീണ്ടും സമരത്തിലേക്ക് ഇറങ്ങി. 2023 മേയ് 22ന് മെഡിക്കൽ കോളജിന് മുന്നിൽ രണ്ടാം ഘട്ട സമരം ആരംഭിച്ചു.
സെക്രട്ടറിയേറ്റ് മാർച്ച്
സമരം 100 ദിവസം പിന്നിട്ടതോടെ തിരുവനന്തപുരത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ഹർഷിനയും സമരസമിതിയും വൻ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
നിയമപോരാട്ടത്തിലെ വഴിത്തിരിവ് (2023 ആഗസ്റ്റ് - ഒക്ടോബർ)
മെഡിക്കൽ ബോർഡിന്റെ ഒളിച്ചുകളികൾക്കിടയിലും എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശാസ്ത്രീയമായ അന്വേഷണം നടത്തി. 2017ലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയതെന്ന് പൊലീസ് കൃത്യമായി കണ്ടെത്തി.
ഡോക്ടർമാർ പ്രതിപ്പട്ടികയിൽ
രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇത് സമരസമിതിയുടെ വലിയൊരു വിജയമായി.
നിയമപരമായ തിരിച്ചടി
പൊലീസ് റിപ്പോർട്ട് വന്നെങ്കിലും പ്രതികളായ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ച് തങ്ങൾക്കെതിരെയുള്ള വിചാരണ നടപടികൾക്ക് സ്റ്റേ വാങ്ങി. ഇതോടെ കേസ് വീണ്ടും നീണ്ടുപോയി. നിയമപോരാട്ടം കോടതിയിൽ തുടരുമ്പോഴും തനിക്ക് വാഗ്ദാനം ചെയ്ത അർഹമായ നഷ്ടപരിഹാരവും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹർഷിനയും സമരസമിതിയും പ്രക്ഷോഭ രംഗത്ത് തന്നെ തുടർന്നു. 2026 മേയ് 25ന് മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും സമരസമിതി നടത്തിയ ചർച്ചകൾക്കൊടുവിൽ ഹർഷിനക്ക് കോഴിക്കോട് മെഡിക്കൽ കോജിൽ ഓഫിസ് അസിസ്റ്റന്റായി സർക്കാർ ജോലി നൽകാൻ ഉത്തരവായി. ഒപ്പം അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ വർഷങ്ങൾ നീണ്ട തെരുവ് പോരാട്ടത്തിന് താൽക്കാലിക വിരാമമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

