ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ; വിദർശക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
text_fieldsഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വെള്ളി നേടിയ തിരുവമ്പാടി താമ്പലമണ്ണ സ്വദേശിനി വിദർശ വിനോദിന്റെ വീട്ടിൽ ആശംസ അറിയിക്കാനെത്തിയ മന്ത്രി ടി. സിദ്ദീഖ് കുടുബത്തോടൊപ്പം സെൽഫിയെടുക്കുന്നു
കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിനന്ദനം. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ വിദർശക്ക് ഭാവിയിലും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. വിദർശയെ കൃഷിമന്ത്രി ടി. സിദ്ദീഖും അഭിനന്ദിച്ചു. മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഇലഞ്ഞിക്കലിലെ കൊച്ചാലുങ്കൽ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. ജപ്പാനിലെ ഏഷ്യൻ ഗെയിംസ് വേദിയിലുള്ള വിദർശയുമായി വിഡിയോ കാളിലൂടെ സംസാരിച്ച മന്ത്രി സർക്കാറിന്റെ പിന്തുണ അറിയിച്ചു.
അഭിമാന നിമിഷമാണിതെന്നും വിദർശക്ക് സർക്കാർ ജോലി നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സരങ്ങൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തുന്ന സമയത്ത് അർഹമായ സ്വീകരണവും ആവശ്യമായ പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളും നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായും കായിക-യുവജനക്ഷേമ മന്ത്രിയുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

