അറുകൊലയുടെ നടുക്കത്തിൽ...
text_fieldsകോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട സിദ്ദീഖിന്റെ മൃതദേഹം
മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുവരുന്നു
കോഴിക്കോട്: ഒളവണ്ണക്കൊപ്പം എരഞ്ഞിപ്പാലവും കൊടും ക്രൂരതയുടെ നടുക്കത്തിൽ നിൽക്കുമ്പോൾ അവശേഷിക്കുന്നത് ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ. കൊലപാതകത്തിന്റെ കാരണമടക്കമുള്ള പല യാഥാർഥ്യങ്ങളും പുറത്തുവരേണ്ടതുണ്ട്. ഒളവണ്ണയിൽ ഹോട്ടലിനോട് ചേർന്ന് മുറിയുണ്ടായിട്ടും എരഞ്ഞിപ്പാലത്ത് മുറിയെടുത്തത് എന്തിനെന്ന ചോദ്യം അവശേഷിക്കുന്നു.
രണ്ടു മുറികൾ ബുക്ക് ചെയ്തത് എന്തിനാണെന്നും ആരു വിളിച്ചിട്ടാണ് ഹോട്ടലിലെത്തിയതെന്നും അജ്ഞാതമാണ്. 15 ദിവസംമാത്രം ഹോട്ടലിൽ പണിക്കെത്തിയ ഷിബിലിയുമായുള്ള സിദ്ദീഖിന്റെ അടുപ്പം, ഷിബിലിക്കൊപ്പമുള്ള പെൺകുട്ടിയുടെ ഇടപെടൽ എന്നിവയെല്ലാം ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്ട്.
സിദ്ദീഖിനെ കാണാനില്ലെന്നു കുടുംബം പരാതികൊടുത്ത 18ന് ഉച്ചയോടെയാണ് വീട്ടിൽനിന്ന് ഹോട്ടലിലേക്കെത്തിയതെന്ന് ഹോട്ടലിലെ പാചകത്തൊഴിലാളിയായ യൂസുഫ് പറയുന്നു. കേസിലെ പ്രതിയായ ഷിബിലിയുമായി സിദ്ദീഖിന് മുൻപരിചയമൊന്നുമില്ലെന്നാണ് പറയുന്നത്.
ഹോട്ടലിൽ സാധനം കൊടുക്കുന്നതും ജ്യൂസ് അടിക്കുന്നതുമൊക്കെ ഷിബിലിയായിരുന്നു. മോശം പെരുമാറ്റം കാരണം കഴിഞ്ഞ വ്യാഴാഴ്ച ഷിബിലിയെ സിദ്ദീഖ് പറഞ്ഞുവിട്ടെന്നാണ് പറയുന്നത്. മുഴുവൻ ശമ്പളവും കൊടുത്താണ് പറഞ്ഞയച്ചതെന്ന് യൂസുഫ് പറയുന്നു.
അന്നുതന്നെയാണ് സിദ്ദീഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. സിദ്ദീഖിന്റെ ഫോൺ 18ന് രാത്രിവരെ പ്രവർത്തിച്ചതായി പറയുന്നു. വടകരയിലാണെന്ന് ഭാര്യയോട് ഫോണിൽ പറഞ്ഞിരുന്നു. രാത്രി ഫോൺ നിലക്കുകയും ചെയ്തു.
ഹോട്ടലിലെ രക്തക്കറ നിർണായകം
കോഴിക്കോട്: കൊലപാതകത്തിൽ ഹോട്ടലിനുമുന്നിലെ സി.സി ടി.വി ദൃശ്യങ്ങളും ഹോട്ടലിലെ രക്തക്കറയും നിർണായക തെളിവായി. ഹോട്ടലിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകം ഉറപ്പിച്ചത്.
കഴിഞ്ഞ മൂന്നുദിവസമായി ഹോട്ടൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഹോട്ടൽ റിസപ്ഷനിലെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
എരഞ്ഞിപ്പാലം ഡി കാസ ഹോട്ടലിൽ കഴിഞ്ഞ 18ന് സിദ്ദീഖ് രണ്ടു മുറി ബുക്ക് ചെയ്തതിൽ ഷിബിലിയും ഫർഹാനയും ഒരുമുറിയിലും തൊട്ടടുത്തതിൽ സിദ്ദീഖുമാണ് താമസിച്ചത്. മുറിയിൽ കൊലപാതകം നടന്നെന്നാണ് പൊലീസ് കരുതുന്നത്. അടുത്ത കാലത്ത് തുടങ്ങിയതാണ് ഹോട്ടൽ. പൊലീസ് പരിശോധനക്കെത്തുമ്പോൾ സി.സി ടി.വി പ്രവർത്തന രഹിതമായിരുന്നു. കേടായ സി.സി ടി.വി 19നാണ് പുനഃസ്ഥാപിച്ചതെന്നാണ് നടത്തിപ്പുകാർ പറഞ്ഞത്.
ഹോട്ടലിലെ സി.സി.ടി.വി പ്രവർത്തനരഹിതമായിരുന്നെങ്കിലും സമീപത്തെ കടകളിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മൃതദേഹമടങ്ങിയ ബാഗ് കാറിൽ കൊണ്ടുപോവുന്നതും മറ്റുമായ ദൃശ്യങ്ങൾ കിട്ടിയത്. ഹോട്ടലിന് മുന്നിലെ തുണിക്കടയിലെ സി.സി ടി.വി ദൃശ്യങ്ങളാണ് തുമ്പായത്. 19ന് വൈകീട്ട് 3.09നും 3.19നും ഇടയിൽ ഹോട്ടലിന് മുൻവശത്തുള്ള കാറിൽ ബാഗ് കയറ്റുന്നതാണ് കാമറയിൽ പതിഞ്ഞത്.
കാർ നിർത്തി 15 മിനിറ്റിനു ശേഷമാണ് ആദ്യ ബാഗ് ഷിബിലി കാറിന്റെ ഡിക്കിയിൽ വെച്ചത്. കുറച്ച് കഴിഞ്ഞ് രണ്ടാമത്തെ ബാഗ് ഫർഹാന കാറിൽ കയറ്റി. പിന്നെ രണ്ടുപേർ കാറിൽ പോകുന്നതാണ് പതിഞ്ഞത്. കാറിലുള്ളത് അറസ്റ്റിലായ ആഷിഖായിരുന്നുവെന്നാണ് നിഗമനം.
15 ദിവസം മുമ്പ് മാത്രം ഹോട്ടൽ പണിക്കെത്തിയ ഷിബിലിക്ക് കൊലയിലേക്ക് നയിച്ച വൈരാഗ്യം എന്തെന്ന കാര്യം ദുരൂഹമാണ്. വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. 21ഉം 18ഉം പ്രായമുള്ള പ്രതികൾക്കു പിന്നിൽ വലിയ സംഘങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതികൾ സിദ്ദീഖിന്റെ എ.ടി.എം ഉപയോഗിച്ച് തുടർച്ചയായി പണമെടുത്തതിൽനിന്ന് പണം തട്ടൽ ലക്ഷ്യമായിരുന്നെന്ന് സംശയമുണ്ട്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി ബാഗുകളിൽ പിറ്റേ ദിവസം പുറത്തേക്ക് മാറ്റിയെന്നതിന് സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി മാറുന്നു.