രോഗികളായ സ്ത്രീകൾക്ക് വനിത ജീവനക്കാരുടെ സേവനം ലഭ്യമാക്കണം -വനിത കമീഷൻ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി സന്ദർശിച്ചു. ശസ്ത്രക്രിയ സമയത്തും തിരികെ വാർഡിലേക്ക് മാറ്റുന്നതു വരെയും രോഗികളായ സ്ത്രീകൾക്ക് വനിത ജീവനക്കാരുടെ സേവനം ലഭ്യമാകുമെന്ന് ഉറപ്പുവരുത്തണമെന്ന് അവർ പറഞ്ഞു.
നീതി ലഭ്യമാകുന്നതുവരെ കമീഷന്റെ പൂർണ പിന്തുണ യുവതിക്ക് ഉണ്ടാകുമെന്ന് അധ്യക്ഷ ഉറപ്പു നൽകി. ആശുപത്രിയിൽ ജോലിക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നുണ്ട് എന്നു ഉറപ്പുവരുത്തും.
യുവതിക്ക് നീതി ലഭ്യമാക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും അഡ്വ. പി. സതീദേവി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ടുമായും പ്രിൻസിപ്പലുമായും വനിത കമീഷൻ അധ്യക്ഷ ചർച്ച നടത്തി.

