ജീവനക്കാരുടെ കുറവ്; ഉണ്ണികുളം വില്ലേജ് ഓഫിസ് പ്രവർത്തനം താളംതെറ്റുന്നു
text_fieldsഎകരൂൽ: ജില്ലയിൽ ഏറ്റവുമധികം ഭൂമിതരം മാറ്റമുൾപ്പെടെ നടക്കുന്ന ഉണ്ണികുളം വില്ലേജ് ഓഫിസ് ആവശ്യത്തിന് ജീവനക്കാരില്ലാതെ വലയുന്നു. സർട്ടിഫിക്കറ്റുകൾക്കും മറ്റു സേവനങ്ങൾക്കുമായി വില്ലേജ് ഓഫിസിലെത്തുന്ന ജനങ്ങൾ ആവശ്യം നിറവേറ്റാൻ മണിക്കൂറുകറോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്.
ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ ഏറ്റവും തിരക്കേറിയതാണ് ഉണ്ണികുളം വില്ലേജ് ഓഫിസ്. മുഴുവൻ ജീവനക്കാരുണ്ടെങ്കിൽ പോലും നല്ല രീതിയിൽ പ്രവർത്തിക്കാൻ പാടുപെടേണ്ടിവരുന്ന ഓഫിസിൽ മാസങ്ങളായി ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവ് നികത്തണമെന്ന ആവശ്യം ശക്തമാവുമ്പോഴാണ് നിലവിലുള്ള സ്പെഷൽ വില്ലേജ് ഓഫിസറെ കിനാലൂർ വില്ലേജ് ഓഫിസറുടെ ചുമതല കൂടി നൽകി മാറ്റി നിയമിച്ചത്. ഒരു സ്പെഷൽ വില്ലേജ് ഓഫിസർക്ക് മൂന്നു ദിവസത്തിൽ കൂടുതൽ വില്ലേജ് ഓഫിസറുടെ ചുമതല നൽകാൻ അനുവദിക്കുന്നില്ലെന്ന ചട്ടം നിലനിൽക്കെയാണ് ഒരു മാസത്തോളമായി ഉണ്ണികുളത്തെ വില്ലേജ് ഓഫിസറെ മാറ്റി നിയമിച്ചത്.
തരംമാറ്റ അദാലത്, ഇലക്ഷൻ ജോലി, പുതിയ വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) തുടങ്ങിയ ചുമതലകളുള്ള ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്. തരംമാറ്റം, റവന്യൂ റിക്കവറി, ഇലക്ഷൻ ജോലികൾ, വിവിധ സർട്ടിഫിക്കറ്റ് മുതലായവ മറ്റു വില്ലേജുകളെ അപേക്ഷിച്ച് ഉണ്ണികുളത്ത് കൂടുതലായതിനാൽ ആവശ്യത്തിനെത്തുന്നവരുടെ അപേക്ഷകൾ സമയബന്ധിതമായി തീർക്കാൻ ഇവിടെ കാലതാമസം നേരിടുകയാണ്. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്നത് അപേക്ഷകരെ ദുരിതത്തിലാക്കുന്നുണ്ട്.
നിലം തരം മാറ്റൽ, റീ സർവേ അടക്കമുള്ള ജോലികൾ വന്നതോടെ ജീവനക്കാർക്ക് ഫീൽഡ് സന്ദർശനം കൂടുതലായി ആവശ്യമുണ്ട്. രാവിലെ ഓഫിസിലെത്തുന്ന ഉദ്യോഗസ്ഥർ തന്നെ വസ്തു അളവിനും മറ്റും പോകേണ്ടി വരുമ്പോൾ ഓഫിസിന്റെ പ്രവർത്തനം തടസ്സപ്പെടുന്നു. ജീവനക്കാരുടെ കുറവ് സാധാരണക്കാരെയാണ് ദുരിതത്തിലാക്കുന്നത്. രണ്ടും മൂന്നും ദിവസങ്ങളോളം കയറിയിറങ്ങിയാണ് പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. നിലവിലുള്ള ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്താണ് ആവശ്യക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാത്തത് ജീവനക്കാരും പൊതുജനങ്ങളും തമ്മിൽ വാക്കുതർക്കത്തിനുമിടയാക്കുന്നു.
1969ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുണ്ടാവേണ്ട ജീവനക്കാരില്ലാതെയാണ് മിക്ക വില്ലേജ് ഓഫിസുകളും പ്രവർത്തിക്കുന്നത്. 1969ലെ ജനസംഖ്യ പതിന്മടങ്ങ് കൂടിയിട്ടും വില്ലേജ് ഓഫിസുകളുടെ പ്രവർത്തനത്തിൽ മാറ്റമില്ല. ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് കഴിഞ്ഞദിവസം ചേർന്ന വില്ലേജ്തല ജനകീയ സമിതി ആവശ്യപ്പെട്ടു. വിഷയം ജില്ല കലക്ടറുടെയും തഹസിൽദാരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

