കോഴിക്കോടിന്റെ കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞ് ഷോഗ് ഐസ മടങ്ങി
text_fieldsഷോഗ് ഐസ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് യാത്ര പറയുന്നു
കോഴിക്കോട്: അവശനിലയിൽ, രേഖകൾ നഷ്ടപ്പെട്ട്, ഭാഷയറിയാതെ ഒറ്റപ്പെട്ടുപോയ തന്നെ ചേർത്തു പിടിച്ച കോഴിക്കോട്ടെ മനുഷ്യസ്നേഹികൾക്ക് നന്ദിപറഞ്ഞ് ഫ്രഞ്ച് പൗരൻ ഷോഗ് ഐസ വ്യാഴാഴ്ച വൈകീട്ടോടെ മടങ്ങി. ഇന്നലെ വൈകീട്ട് 4.30നുള്ള ഗരീബ് രഥ് ട്രെയിനിലാണ് ഷോഗ് കർണാടകയിലെ ഗോകർണത്തിലേക്ക് മടങ്ങിയത്.
ഗോകർണത്തേക്ക് ട്രെയിൻ ടിക്കറ്റ് എടുത്തുനൽകിയ വിനോദസഞ്ചാര വകുപ്പ്, അത്യാവശ്യം വേണ്ട മരുന്നും ഭക്ഷണവും നൽകിയാണ് ഷോഗിനെ യാത്രയാക്കിയത്. ഗോകർണത്തിൽ റൂം വാടകക്ക് എടുത്തിട്ടുണ്ടെന്നും അവിടെ യോഗ ചികിത്സ നടത്തിയശേഷം മുംബൈ വഴി പാരിസിലേക്ക് മടങ്ങുമെന്നും ഷോഗ് അറിയിച്ചതായി ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടർ ഗിരീഷ് അറിയിച്ചു.
ഗോകർണത്തിൽനിന്ന് വഴിതെറ്റിയാണ് ഇദ്ദേഹം കോഴിക്കോട് എത്തിപ്പെട്ടത്. അതിനിടെ അസുഖ ബാധിതനായി. ഈ മാസം ഒന്നിനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. അന്ന് ഡിസ്ചാർജായി മടങ്ങിയ ഇദ്ദേഹത്തെ നാലിന് റെയിൽവേ പൊലീസ് വീണ്ടും അവശനിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതിനിടെ പാസ്പോർട്ടടങ്ങിയ ബാഗ് കാണാതായത് ആശങ്കക്കിടയാക്കി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിനോദസഞ്ചാര വകുപ്പ് ഇടപെട്ടു. സി.എച്ച് സെന്റർ ഇദ്ദേഹത്തിനുള്ള മരുന്നും ഭക്ഷണവും എത്തിച്ചു. റെയിൽവേ പൊലീസ് ബാഗ് തിരികെ എത്തിച്ചതോടെ മടക്കത്തിന് വഴിയൊരുങ്ങുകയായിരുന്നു.
മൂത്രാശയ അണുബാധയും ഹൃദയസംബന്ധമായ അസുഖവുമുള്ള ഷോഗിന് തുടർചികിത്സ ആവശ്യമുണ്ടെന്നാണ് ഡോക്ടർമാരുടെ നിർദേശം. അൽജീരിയൻ പൗരത്വം കൂടിയുള്ള ഷോഗിന് 2024 ഏപ്രിൽ വരെ ഇന്ത്യയിൽ വിസ കാലാവധിയുണ്ട്. വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് ഇദ്ദേഹത്തെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

