ഷെർലി വാസു; തിയറിക്കപ്പുറം അപഗ്രഥിച്ച ഫോറൻസിക് സർജൻ
text_fieldsഡോ. ഷെർലി വാസുവിന്റെ മൃതദേഹം കോഴിക്കോട് മായനാട്ടെ വീട്ടിൽ. ഭർത്താവ് ഡോ. കെ. ബാലകൃഷ്ണൻ, മകൾ നന്ദന ബാലകൃഷ്ണൻ എന്നിവർ സമീപം
കോഴിക്കോട്: പാഠപുസ്തകങ്ങളിൽ വായിച്ചുപഠിച്ച തിയറിയിൽനിന്ന് വേറിട്ടുചിന്തിച്ച് സൂക്ഷ്മ വിഷയങ്ങളെവരെ ആഴത്തിൽ അപഗ്രഥനം ചെയ്ത് റിപ്പോർട്ടുകൾ സമർപ്പിക്കുന്ന ഫോറൻസിക് വിദഗ്ധയായിരുന്നു ഡോ. ഷെർലി വാസു എന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മുൻ ഫോറൻസിക് മേധാവിയും നിലവിൽ എം.ഇ.എസ് മെഡിക്കൽ കോളജിലെ പ്രഫസറുമായ ഡോ. കെ. പ്രസന്നൻ. ഫോറൻസിക് മേഖലയിലേക്ക് അധികം പേർ കടന്നുവരാത്ത കാലത്താണ് പ്രത്യേക താൽപര്യമെടുത്ത് ഒരു വനിത ഈ മേഖലയിലേക്ക് കടന്നുവന്നത്. ഒരു തരത്തിലുള്ള സ്വാധീനങ്ങൾക്കും വഴങ്ങാതെ ജോലിയിൽ നൂറുശതമാനം സമർപ്പിതയായിരുന്നു അവർ.
പോസ്റ്റ്മോർട്ടം ടേബിളിൽ കണ്ടെത്തുന്ന ചെറിയ ചെറിയ കാര്യങ്ങളെ വരെ സൂക്ഷ്മമായി നിരീക്ഷിച്ച് ആഴത്തിൽ പഠിച്ച് തന്റെ നിഗമനങ്ങൾകൂടി ചേർത്തായിരുന്നു റിപ്പോർട്ടുകൾ തയാറാക്കിയിരുന്നത്. മറ്റ് ഫോറൻസിക് സർജന്മാരിൽനിന്ന് വ്യത്യസ്തമായി മുന്നിലെത്തുന്ന ഓരോ കേസിന്റെയും സാമൂഹിക വശങ്ങളും പഠിക്കാൻ ശ്രമിച്ചിരുന്നു. ക്രിസ്റ്റൽ ക്ലിയറായിട്ടായിരുന്നു റിപ്പോർട്ടുകൾ. ഇത്രയും വ്യക്തതയോടുകൂടി എഴുതുന്ന മറ്റൊരു ഫോറൻസിക് സർജനെ താൻ കണ്ടിട്ടില്ല.
ഇംഗ്ലീഷിലായാലും മലയാളത്തിലായാലും ഏത് കാര്യവും നന്നായി എഴുതി ഫലിപ്പിക്കാനുള്ള കഴിവും അവർക്കുണ്ടായിരുന്നു. പൊലീസിനായാലും കോടതിയിലായാലും സർക്കാറിനായാലും ഉദ്ദേശിക്കുന്ന കാര്യം അതിന്റെ തീവ്രത ഒട്ടും ചോർന്നുപോവാതെ ഒരുവിധ സംശയത്തിനും ഇടവരുത്താതെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിലായിരുന്നു റിപ്പോർട്ട് തയാറാക്കുക. പതിറ്റാണ്ട് നീണ്ട സർവിസിനിടെ ഒരിക്കൽപോലും പോസ്റ്റ്മോർട്ടം ടേബിളിലോ, റിപ്പോർട്ട് തയാറാക്കുന്നതിലോ യാന്ത്രികത കടന്നുകൂടിയിരുന്നില്ല.
കോടതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും കൃത്യത കാത്തുസൂക്ഷിച്ചു. കോടതിയിൽ തന്റെ നിഗമനങ്ങൾ സംശയലേശമെന്യേ കൃത്യമാണെന്ന് തെളിയിക്കാനും അവർക്കു കഴിഞ്ഞിരുന്നു. അധ്യാപിക, സഹപ്രവർത്തക എന്നീ നിലയിൽ അവരിൽനിന്ന് മകച്ച പാഠങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫോറൻസിക് ഡിപ്പാർട്മെന്റിന് പുറത്തിറങ്ങിയാൽ ഒരു ജ്യേഷ്ഠസഹോദരിയെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. ആശുപത്രിയിൽ മറ്റ് ജീവനക്കാരോടും വലുപ്പച്ചെറുപ്പമില്ലാതെ ഊഷ്മളമായി പെരുമാറിയിരുന്നു. തന്റെ മുന്നിലെത്തുന്ന കേസുകളെക്കുറിച്ച് പഠിക്കുന്ന അവർ പിന്നീട് പലപ്പോഴും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. പൊതുസമൂഹവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും അവർ മറന്നിരുന്നില്ല -ഡോ. പ്രസന്നൻ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

