പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റൽ; പാളയത്ത് വ്യാപാരികളുടെ ഹർത്താൽ പൂർണം
text_fieldsപാളയം പച്ചക്കറി മാർക്കറ്റ് പാളയത്തുതന്നെ നിലനിർത്തി അനുബന്ധ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കച്ചവടക്കാർ കടകൾ അടച്ചും പണിമുടക്കിയും പ്രതിഷേധിച്ചപ്പോൾ
കോഴിക്കോട്: പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് കടകളടച്ച് വ്യാപാരികൾ ഹർത്താലാചരിച്ചു. സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത സൂചനാ സമരത്തിൽ മാർക്കറ്റിലെ ചില്ലറ, മൊത്ത വ്യാപാരികളും വ്യാപാരികൾ, ഉന്തുവണ്ടി, ചുമട്ടു തൊഴിലാളികളും മറ്റ് അനുബന്ധ തൊഴിലാളികളും പാളയം മാർക്കറ്റ്, ജയന്തി ബിൽഡിങ്, എം.എം അലി റോഡ്, തളി റോഡ് എന്നിവിടങ്ങളിലെ വ്യാപാരികളും തൊഴിലാളികളും പങ്കെടുത്തു.
എന്നാൽ, വ്യാപാരികളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ് ഉറപ്പുനൽകിയതിനെത്തുടർന്ന് സത്യഗ്രഹ സമരവും പ്രതിഷേധ പ്രകടനവും മാറ്റിവെച്ചു.
17നാണ് വ്യാപാരികളെയും ട്രേഡ് യൂനിയനുകളെയും മേയർ ചർച്ചക്ക് വിളിച്ചത്. അതിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ നീക്കം. തിങ്കളാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച വൈകീട്ട് ആറുവരെയായിരുന്നു പണിമുടക്ക്.
പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള പ്രവൃത്തികൾ പൂര്‍ത്തിയാകാനിരിക്കെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോടിന്റെ മുഖമായ പാളയത്തുനിന്ന് മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കണ്ണായ സ്ഥലത്തുനിന്ന് കല്ലുത്താന്‍ കടവിലേക്ക് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
പഴം-പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നത് പാളയത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യാപാര കേന്ദ്രങ്ങളെയും അനുബന്ധ തൊഴിലാളികളെയും ബാധിക്കും. പാളയത്ത് പഴം-പച്ചക്കറി കടകള്‍ ഉൾപ്പെടെ 500 ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്ന നടപടിയില്‍നിന്ന് കോര്പറേഷന് പിന്മാറണമെന്നാണ് വ്യാപാരികൾ പറയുന്നത്. നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന, പാളയം സ്റ്റാൻഡ് കെട്ടിടത്തിലെ ഏതാനും വ്യാപാരികൾ കൂടി ഹർത്താലുമായി സഹകരിച്ചതോടെ തങ്ങളുടെ സമരം പൂർണമായി വിജയിച്ചതായി സമരക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

