എസ്.ജി.സി 28466 നമ്പർ ഇരിപ്പിടത്തിൽ ഇരിക്കാൻ ഷഹബാസുണ്ടാവില്ല...
text_fieldsകോഴിക്കോട്: ‘‘കഴിഞ്ഞദിവസം സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള ഹാൾടിക്കറ്റ് വാങ്ങിപ്പോയതാണവൻ. പക്ഷേ, തിങ്കളാഴ്ച പരീക്ഷക്ക് ബെല്ലടിക്കുമ്പോൾ എസ്.ജി.സി 28466 നമ്പർ ഇരിപ്പിടത്തിൽ ഇരിക്കാൻ അവനുണ്ടാവില്ല’’ -ചുങ്കം തൻവീറുൽ ഇസ്ലാം മദ്റസയിൽ ഷഹബാസിനെ അവസാനമായി ഒരുനോക്കുകണ്ട് മടങ്ങുമ്പോൾ എം.ജെ.എച്ച്.എസ്.എസിലെ പ്രാധാനാധ്യാപിക ജെ. മിനിയുടെ കണ്ഠമിടറി. ‘‘മിടുക്കനായിരുന്നു. മൂന്നുവർഷത്തിനിടെ ഒരുതവണപോലും ശാസിക്കേണ്ടിവന്നിട്ടില്ല.
കുട്ടികളുടെ ജീവിതത്തിൽ ഏറെ നിർണായകമായ പരീക്ഷയുടെ പടിവാതിൽക്കൽ എത്തിനിൽക്കെയുള്ള മരണം താങ്ങാനാവുന്നില്ല. കണ്ണിലെ കൃഷ്ണമണിപോലെയായിരുന്നു കുട്ടികളെ നോക്കിയിരുന്നത്. പ്രശ്നമുണ്ടാവാതിരിക്കാൻ സ്കൂളിലെ യാത്രയയപ്പ് കഴിഞ്ഞ് വിദ്യാർഥികളെ സ്കൂൾ ബസിലാണ് വീട്ടിലെത്തിച്ചത്. പിന്നീട് രക്ഷിതാക്കളെ വിളിച്ച് കുട്ടികൾ വീട്ടിലെത്തി എന്ന് ഉറപ്പുരുത്തി. മോഡൽ പരീക്ഷ കഴിഞ്ഞ് ഇനി പൊതുപരീക്ഷ എഴുതാൻ മാത്രമേ സ്കൂളിലേക്ക് വരാവൂവെന്ന് പറഞ്ഞ് അയച്ചതാണ്. അതിനിടെയാണ് നിനച്ചിരിക്കാതെ ദാരുണസംഭവം ഉണ്ടായത്’’ -ജെ. മിനി പറഞ്ഞു.
ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ...
കുട്ടികൾ മറ്റു കൂട്ടുകെട്ടുകളിൽപെടാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിരുന്നുവെന്ന് പ്രിൻസിപ്പൽ എം. മുഹമ്മദലി പറഞ്ഞു. ഉച്ചഭക്ഷണത്തിന് 15 മിനിറ്റ് മാത്രമാണ് കുട്ടികളെ പുറത്തുവിടുക. കാന്റീൻ, മറ്റ് അവശ്യവസ്തുക്കൾ എല്ലാം കാമ്പസിനുള്ളിൽ സജ്ജീകരിച്ചിരുന്നു. കുട്ടികൾ അനാവശ്യ കൂട്ടുകെട്ടുകളിൽ പെടാതിരിക്കാനാണ് ഇത്രയും മുൻകരുതൽ മാനേജ്മെന്റ് എടുത്തത്. എന്നിട്ടും ഇങ്ങനെ സംഭവിച്ചതിനെ വിധിയായി മാത്രമേ കാണുന്നുള്ളൂ. ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും മുഹമ്മദലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

