വൈദ്യുതി പോസ്റ്റുകളിൽ മസാജ് സെന്റർ പരസ്യങ്ങൾ; പിന്നിൽ ലൈംഗിക വ്യാപാരം; കൈമലർത്തി പൊലീസ്
text_fieldsമലാപ്പറമ്പിലെ അപ്പാര്ട്മെന്റില് നടത്തിയ റെയ്ഡില് പിടിയിലായവർ (ഫയൽ ചിത്രം)
കോഴിക്കോട്: ‘സ്പാ’യുടെ മറവിൽ നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും അനാശാസ്യകേന്ദ്രങ്ങൾ പെരുകുമ്പോൾ നടപടിയെടുക്കാനാവാതെ പൊലീസ് കൈമലർത്തുന്നു. ഇത്തരം മസാജ് സെന്ററുകളിലേക്ക് ആളുകളെ ക്ഷണിക്കുന്ന നോട്ടീസുകൾ ഇലക്ട്രിക് പോസ്റ്റുകളിൽ നിറയുകയാണ്. ’യുനിസെക്സ് സ്പാ അവെയ്ലബ്ൾ’ എന്ന് പരസ്യം ചെയ്യുന്ന നോട്ടീസിൽ ഒരു മൊബൈൽ നമ്പർ മാത്രമാണുണ്ടാവുക. സ്ഥാപനത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നുമില്ല. ഇതിൽ വിളിക്കുന്നവർക്ക് നേരിൽ വന്നാൽ വിവരങ്ങൾ പറയാം എന്ന മറുപടിയാണ് ലഭിക്കുന്നത്.
എക്സ്ട്രാ സർവിസ് എന്നാണ് കോഡ്ഭാഷ. പുരുഷന്മാരെ ലക്ഷ്യമാക്കിയാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പുരുഷന്മാർക്ക് മസാജിങ് നടത്തുന്ന പെൺകുട്ടികളുടെ പ്രായം അടക്കം വിളിക്കുന്നവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പല കേന്ദ്രങ്ങളിലേക്കും വിളിച്ച യുവാവിന് ഇത്തരം കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന മറുപടി ഏതാണ്ട് സമാനമായിരുന്നു. എന്തൊക്കെ ‘സർവിസുകൾ’ ആണ് ലഭിക്കുക എന്ന് ചോദിച്ചപ്പോൾ അത് നേരിൽ വരുമ്പോൾ പറയാം എന്നാണ് മറുപടി. അതിനിടെ ഒരേ കേന്ദ്രങ്ങൾ പല നമ്പറുകൾ നോട്ടീസിൽ പ്രദർശിപ്പിക്കുന്നുണ്ട്. രണ്ടായിരം മുതൽ മൂവായിരം രൂപ വരെ പ്രതിഫലം നൽകിയാണ് രാത്രിയിൽ ഇത്തരം നോട്ടിസുകൾ ഇലക്ട്രിക് പോസ്റ്റുകളിൽ പതിക്കാൻ ആളെ ഏർപ്പാടാക്കുന്നത്.
നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത്തരം ഡി.ടി.പി പ്രിന്റ് നോട്ടീസുകൾ പെരുകുകയാണ്. ഇത് അനാശാസ്യ കേന്ദ്രങ്ങളാണെന്ന് വിവരം ലഭിക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നില്ല. കോഴിക്കോട് നഗരത്തിൽ മാത്രം ഇത്തരം 30 ഓളം അനാശാസ്യകേന്ദ്രങ്ങളുണ്ട് എന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരം. ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താൻ ആരെങ്കിലും പരാതിയുമായി വരണമെന്ന നിലപാടിലാണ് പൊലീസ്. നടക്കാവ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്തരം കേന്ദ്രങ്ങൾ കൂടുതലുള്ളത്.
മയക്കുമരുന്ന് ഇടപാടും ഇതിന്റെ പിന്നിൽ നടക്കുന്നതായി സൂചനയുണ്ട്. നേരത്തെ അനാശാസ്യകേന്ദ്രങ്ങളിൽ ഇരകളെ എത്തിച്ച് നഗ്നഫോട്ടോ എടുത്ത് തട്ടിപ്പ് നടത്തുന്നു കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്പായുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടു പിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സാധിക്കും. സ്പാ നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ്, പൊലീസ് ക്ലിയറൻസ്, സർട്ടിഫൈഡ് ആയിട്ടുള്ള ജീവനക്കാർ എന്നിവ വേണമെന്ന നിബന്ധനയുണ്ട്.
നാട്ടിലെങ്ങും പ്രചരിക്കുന്ന നോട്ടീസുകളിൽ പറയുന്ന സ്ഥാപനങ്ങൾക്ക് ഇത്തരം രേഖകളുണ്ടോ എന്ന് പരിശോധിക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. നോട്ടീസിൽ ഫോൺ നമ്പറുകൾ ഉള്ള സ്ഥിതിക്ക് അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് എളുപ്പമാണ്.
വൈദ്യുതി പോസ്റ്റുകൾ അനധികൃതമായി പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതിനെതിരെ വൈദ്യുതി വകുപ്പിനും നടപടികൾ സ്വീകരിക്കാവുന്നതാണ്. കുന്ദമംഗലം മേഖലയിൽ അനധികൃതമായി പരസ്യം ചെയ്ത സ്പാക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. അതേ സമയം ലൈസൻസും മതിയായ രേഖകളുമായി പ്രവർത്തിക്കുന്ന നിരവധി സ്പാകൾ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

