മാനാഞ്ചിറക്ക് ചുറ്റും മലിനജലക്കടൽ
text_fieldsകോഴിക്കോട്: മിഠായിത്തെരുവിന്റെ മാനാഞ്ചിറ ഭാഗത്തേക്കുള്ള കവാടത്തിലും സ്പോർട്സ് കൗൺസിൽ കെട്ടിടത്തിനുമുന്നിലും സെൻട്രൽ ലൈബ്രറിക്കുമുന്നിലും മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നു. എൽ.ഐ.സി റോഡിൽ ഓവുചാലില്ലാത്തതാണ് മുഖ്യ കാരണം. മഴ പെയ്താൽ വെള്ളം തൊട്ടടുത്ത ഓവുചാലിലേക്ക് നീങ്ങാനാവാതെ തളംകെട്ടുന്നു. ഒഴുക്കില്ലാത്ത വെള്ളത്തിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്.
അഴുക്കുവെള്ളത്തിൽ ചവിട്ടി വേണം ഇതുവഴി സഞ്ചരിക്കാൻ. കോർപറേഷന്റെ പഴയ കിഡ്സൺ കെട്ടിടം പൊളിച്ച പാഴ് വസ്തുക്കൾ എടുത്തുമാറ്റാത്തതും വെള്ളം ഒഴുകിപ്പോകാതിരിക്കാൻ കാരണമാണ്. കിഡ്സൺ കെട്ടിടത്തിന് ചുറ്റുമുള്ള ഓവുചാലും നടപ്പാതയുമടക്കം പൊളിച്ച കെട്ടിട അവശിഷ്ടങ്ങൾ കൂടിക്കിടപ്പാണ്. മാനാഞ്ചിറ മൈതാനത്തിന്റെ മതിലിനോട് ചേർന്നാണ് ചെറിയ മഴ പെയ്യുമ്പോഴേക്കും അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത്. ഇതുവഴി കാൽനടയാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് പതിവാണ്.
മിഠായിത്തെരുവിൽ കയറാൻ ചളി ചവിട്ടാതെ പോവാനാവില്ലെന്ന സ്ഥിതിയാണിപ്പോൾ. ഈ മേഖലയിലെ വെള്ളക്കെട്ട് വർഷങ്ങളായി അതേപടി തുടരുകയാണ്. നവീകരണത്തിനായി ടൈലിട്ട് ഉയർത്തിയ തെരുവിനും എൽ.ഐ.സി റോഡിനുമിടയിലും മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കുഴിയായി മാറിയ ഈ ഭാഗം വർഷങ്ങൾ കഴിഞ്ഞിട്ടും ഉയർത്തിയില്ല. കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസുകാരൻ കഠിനാധ്വാനം ചെയ്ത് കുഴികളിലൊന്ന് കല്ലിട്ട് മൂടുകയായിരുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു.
നവീകരണം കഴിഞ്ഞതുമുതൽ തെരുവിന്റെ മുഖശ്രീ കെടുത്തിയ വെള്ളക്കെട്ട് പല തവണ വാർത്തയായതാണ്. ഇടക്ക് നഗരസഭ മെറ്റൽ പൊടിയിട്ടും മറ്റും താൽക്കാലിക ശമനമുണ്ടാക്കിയെങ്കിലും എല്ലാം പഴയപടിയായി. ചളിയും മാലിന്യവും നിറഞ്ഞ് ഒഴുക്കില്ലാത്ത വെള്ളത്തിൽ നിറയെ കൊതുക് കൂത്താടിയാണ്. എൽ.ഐ.സിക്ക് മുന്നിൽ ബസ് കാത്തിരിക്കാനെത്തുന്നവർക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. വെള്ളമുള്ളതിനാൽ ബസുകൾ മാറ്റിനിർത്തുന്നതിനാൽ ഗതാഗതക്കുരുക്കും സ്ഥിരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.