ഏഴാം വാർഡ് തുറന്നില്ല; മെഡി. കോളജിൽ രോഗികൾ വരാന്തയിൽതന്നെ
text_fieldsമെഡി. കോളജ് ജനറൽ മെഡിസിൻ വിഭാഗത്തിൽ വരാന്തയിൽ കഴിയുന്ന രോഗികൾ
കോഴിക്കോട്: മെഡിക്കൽ കോളജിൽ രോഗികൾ വരാന്തയിൽ കിടക്കുന്ന അവസ്ഥക്ക് പരിഹാരമായില്ല. ജനറൽ മെഡിസിൻ വിഭാഗത്തിലാണ് രോഗികൾ കൂടുതലും വാർഡിന് പുറത്ത് വരാന്തയിൽ കഴിയേണ്ടിവരുന്നത്. ഏഴാം വാർഡ് രണ്ടു മാസം മുമ്പ് അറ്റകുറ്റപ്പണിക്കായി അടച്ചതിനാൽ വരാന്തയിൽ കഴിയുന്ന രോഗികളുടെ എണ്ണം കൂടി.
പണിപൂർത്തിയായെങ്കിലും വാർഡ് തുറന്നിട്ടില്ല. ഗവ. മെഡിക്കൽ കോളജിലെ സ്ഥലപരിമിതി മൂലം രോഗികൾ നിലത്ത് കിടക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമീഷന്‍റെ ഇടപെടലിനെ തുടർന്ന് നാലു വാർഡുകൾ അടിയന്തരമായി തുറക്കാൻ തീരുമാനമായിരുന്നെങ്കിലും നടപടികൾക്ക് ഇപ്പോഴും ഒച്ചിഴയും വേഗമാണ്. അത്യാഹിത വിഭാഗത്തിലും ജനറൽ മെഡിസിൻ വിഭാഗത്തിലും കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥ തുടരുകയാണ്.
കോവിഡാനന്തരം രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ജനറൽ മെഡിസിൻ വിഭാഗത്തിൽ. അത്യാഹിത വിഭാഗത്തിൽ ചികിത്സനടപടികൾ പൂർത്തിയായി രോഗികളെ വാർഡിലേക്കു മാറ്റുന്നതിലും കാലതാമസം പതിവാണ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നു.
പുതുതായി നിർമിച്ച കാഷ്വാലിറ്റിയുടെ പ്രവർത്തനം എത്രയും വേഗത്തിൽ ആരംഭിക്കുകയാണ് പ്രശ്നത്തിന് പരിഹാരം. പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ നാലു വാർഡുകൾ അടിയന്തരമായി തുറന്നുപ്രവർത്തിക്കാൻ ജനറൽ മെഡിസിൻ പ്രഫസർമാരുടെയും യൂനിറ്റ് ചീഫുമാരുടെയും യോഗത്തിൽ തീരുമാനമായതാണ്.
പഴയ ബ്ലോക്കിലെ ഏഴാം വാർഡ് എത്രയും പെട്ടെന്ന് തുറക്കണമെന്ന ആവശ്യം ശക്തമാണ്. പുരുഷന്മാരുടെ വാർഡാണ് ഇത്. വാർഡ് അടച്ചതോടെ പുരുഷ രോഗികളെ സ്ത്രീ വാർഡായ അഞ്ചിലേക്കു മാറ്റുകയായിരുന്നു. ഈ വാർഡിലെ സ്ത്രീകളെ മറ്റു വാർഡുകളിലേക്കു മാറ്റി. വരാന്തയിൽ കഴിയേണ്ടിവരുന്നതിൽ സ്ത്രീകളാണ് കൂടുതലും.
ആറു പുരുഷ വാർഡുകളും രണ്ടു സ്ത്രീ വാർഡുകളുമാണ് ജനറൽ മെഡിസിൻ വിഭാഗത്തിലുള്ളത്. ഒന്നു മുതൽ എട്ടു വരെയുള്ള വാർഡുകളാണിവ. മാതൃകാവാർഡാക്കി മാറ്റാനാണ് അറ്റകുറ്റപ്പണിയെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

