Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തെളിമ; 440 ലിറ്റർ ഉപയോഗിച്ച ഭക്ഷ്യഎണ്ണ പിടികൂടി

text_fields
bookmark_border
ഓപറേഷൻ തെളിമ; 440 ലിറ്റർ ഉപയോഗിച്ച ഭക്ഷ്യഎണ്ണ പിടികൂടി
cancel

കോഴിക്കോട്: ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഭക്ഷ്യനിർമാണ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കർശന നടപടി. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘ഓപറേഷൻ തെളിമ’യുടെ ഭാഗമായി ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്ക് ആരംഭിച്ച മിന്നൽ പരിശോധനയിൽ മാനദണ്ഡം പാലിക്കാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയാറാക്കിയ ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു.

വൻതോതിൽ എണ്ണക്കടികൾ നിർമിച്ച് റീട്ടെയിൽ കടകളിലേക്കും ചായക്കടകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അഞ്ച് സ്ക്വാഡുകളായി പത്ത് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ നിർമാണവും വിതരണവും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പുലർച്ചെ തന്നെ പരിശോധനാ സംഘം രംഗത്തിറങ്ങി.

ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ ടെസ്റ്റോമീറ്റർ ഉപയോഗിച്ചും പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്കും പൂട്ടുവീണു. നിയമലംഘനങ്ങൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. രണ്ട് സ്ഥാപനങ്ങൾക്കെതിരെ അഡ്ജുഡിക്കേഷൻ നടപടികൾ സ്വീകരിക്കും.

വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കിയ 3900 സമൂസ, 2600 പൊരിച്ച പത്തിരി, 1000 പരിപ്പുവട, 250 കട്‍ലറ്റ്, 1000 ചപ്പാത്തി, 250 ഇഡ്ഡലി, 100 വട എന്നിവയും 50 കിലോഗ്രാം പത്തിരിമാവും പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിലും സംഭരണത്തിലും വിതരണത്തിലും ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണർ ടി.എസ്. വിനോദ് കുമാർ , ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seizes 440 Litres of Used Cooking Oil
Next Story