കടൽക്ഷോഭം; മാലിന്യത്തിൽ മുങ്ങി കടലോരം
text_fieldsവടകര: കനത്ത മഴയിൽ കടൽ കലിതുള്ളിയപ്പോൾ കടലോരം മാലിന്യത്തിൽ മുങ്ങി. കുടുംബങ്ങൾ ദുരിതത്തിലായി. കടൽക്ഷോഭത്തിന്റെ ഭീതിയിൽ കഴിയുന്നതിനിടയിലാണ് കടലോരവാസികൾക്ക് ഇരുട്ടടിയായി മാലിന്യക്കൂമ്പാരങ്ങൾ തീരത്തടിഞ്ഞത്. സാന്റ്ബാങ്ക്സ്, കൊയിലാണ്ടി വളപ്പ്, പുറങ്കര തുടങ്ങി മിക്ക ഭാഗങ്ങളിലും വീടുകൾക്ക് സമീപം മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടൽ പുറന്തള്ളിയതിൽ ഏറെയുമുള്ളത്. കടലിലും പുഴകളിലും വലിച്ചെറിഞ്ഞ മാലിന്യത്തിന്റെ ദുരിതം മുഴുവൻ താങ്ങേണ്ടിവരുന്നത് കടലോരവാസികളാണ്. പഴയ ചെരിപ്പുകൾ, പ്ലാസ്റ്റിക് സഞ്ചികൾ, ബാഗുകൾ എന്നുവേണ്ട വലിച്ചെറിഞ്ഞതെന്തും കടൽ പുറന്തള്ളിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഗ്രാമപഞ്ചായത്തുകൾ ഹരിതകർമസേന മുഖേന വീടുകളിൽനിന്ന് ശേഖരിക്കുന്നുണ്ടെങ്കിലം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് കുറവൊന്നും വന്നിട്ടില്ലെന്നാണ് കടലോരത്ത് കാണുന്ന മാലിന്യനിക്ഷേപം തെളിയിക്കുന്നത്.
പല വീടുകളിലും തിരമാലകൾ മാലിന്യം അടിച്ചുകയറ്റിയതിനാൽ കുടുംബങ്ങൾക്ക് ദിവസവും ശുചീകരിക്കേണ്ട അവസ്ഥയാണുള്ളത്. സാന്റ്ബാങ്ക്സ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ തീരദേശ റോഡിന്റെ ഭാഗമെന്ന നിലയിൽ തള്ളിയ കെട്ടിടാവശിഷ്ടങ്ങളും വിനയായിട്ടുണ്ട്. മഴ മാറുന്നതോടെ കടലോര ശുചീകരണത്തിന് മുഖ്യ പരിഗണന നൽകണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

