കോഴിക്കോട്: കോവിഡാനന്തരം ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ശാസ്ത്രീയ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
ഭിന്നശേഷി വിഭാഗത്തില്‍പെട്ടവർക്ക് വീട്ടിലെത്തി സൗജന്യ ചികിത്സ നല്കുന്ന ‘സ്പീഹോ’ (സ്പെഷല്‍ ഹോം കെയര്‍ ഫോര്‍ ഡിഫറൻറ്ലി ഏബിള്‍ഡ്) എന്ന ഹോം കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ഫിസിയോ തെറപ്പി, ഒക്യുപ്പേഷനല്‍ തെറപ്പി, സ്പീച്ച് തെറപ്പി തുടങ്ങിയ സേവനങ്ങളും ശാരീരിക- മാനസിക- വൈകാരിക പ്രശ്നങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പരിശീലനം സിദ്ധിച്ചവരുടെ സേവനവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കുന്നതിെൻറ സാധ്യത പരിശോധിക്കുമെന്ന് സാമൂഹിക നീതി സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു.
ജില്ല കലക്ടര്‍ സാംബശിവറാവു മൊബൈല്‍ യൂനിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. എ. പ്രദീപ് കുമാര്‍ എം. എല്‍.എ അധ്യക്ഷത വഹിച്ചു. പി. സിക്കന്തര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, ഡി. ജേക്കബ്, ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്ഹാന് യാസിന്, അക്ബര്‍ അലിഖാന്, പി.കെ.എം. സിറാജ്, ഷീബ ജോര്‍ജ്, കെ. കോയട്ടി, ഡോ. ബെന്നി, സി.കെ. ഷീബ മുംതാസ് പങ്കെടുത്തു.