സ്കൂളുകൾ ഇന്നു മുതൽ ഓൺലൈൻ
text_fieldsകോഴിക്കോട്: നിപ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ അടിയന്തര നടപടിയെടുക്കാൻ ഞായറാഴ്ച രാവിലെ എട്ടിന് ജില്ലയിലെ വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗം ചേർന്നു. ജില്ലയിലെ അടിയന്തര സാഹചര്യം അഭിമുഖീകരിക്കാനും മുഴുവൻ വിദ്യാലയങ്ങളിലും പഠന നഷ്ടം ഇല്ലാതാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
നൂറു ശതമാനം വീട്ടിലും വിദ്യാലയങ്ങളിലും തിങ്കളാഴ്ച മുതൽ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ജി സ്യൂട്ട് സംവിധാനം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാൻ എല്ലാ അധ്യാപകർക്കും പരിശീലനം നൽകാൻ തീരുമാനമായി.
സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന വിദ്യാലയങ്ങൾ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തി എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കാൻ നടപടികൾ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കും. ഹൈസ്കൂൾ, യു.പി വിഭാഗത്തിന്റെ പരിശീലനം 50 ശതമാനം പൂർത്തിയാക്കി. ബാക്കി മുഴുവൻ ഉപജില്ലകളിലെയും അധ്യാപകർക്കും പരിശീലനം പൂർത്തിയാക്കും.
ജില്ലയിലെ മുഴുവൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും പ്രത്യേക ഓൺലൈൻ യോഗം വിളിച്ചു നിർദേശങ്ങൾ നൽകി. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ലോഗിൻ ചെയ്യുന്നതിനുള്ള സംവിധാനം കൂടി തയാറാക്കേണ്ടതിനാൽ ഉടൻ പരിശീലനങ്ങൾ പൂർത്തിയാക്കി എല്ലാ കുട്ടികൾക്കും സംവിധാനം ഒരുക്കാനുള്ള സാഹചര്യമുണ്ടാക്കും.
കുട്ടികൾക്ക് ഓൺലൈൻ സംവിധാനവും ഉപകരണവും ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടെങ്കിൽ പരിഹരിക്കാൻ വിക്ടേഴ്സ് ക്ലാസുകളിൽ സെപ്റ്റംബർ -ഒക്ടോബർ മാസം എടുക്കേണ്ട മുഴുവൻ വിഷയങ്ങളുടെയും വിഡിയോ ലിങ്കുകൾ പി.ഡി.എഫ് ആയി ലഭ്യമാക്കും.
എല്ലാ വിദ്യാലയങ്ങളും ഇത്തരം പി.ഡി.എഫ് ഫയലുകൾ അതത് ക്ലാസ് വിഷയത്തിന്റേത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കണം. ഭിന്നശേഷി വിദ്യാർഥികൾക്കായി സ്പെഷൽ എജുക്കേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസുകളും വിഡിയോകളും തയാറാക്കി ലഭ്യമാക്കും. വിദ്യാഭ്യാസ ഓഫിസർമാരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കും. എല്ലാ ദിവസവും ജില്ല വിദ്യാഭ്യാസ ജില്ല ഉപജില്ലതലത്തിൽ അവലോകനം നടത്തുകയും ചെയ്യും.
സ്പെഷലിസ്റ്റ് അധ്യാപകർ തയാറാക്കുന്ന ആർട്ട് എജുക്കേഷൻ വിഡിയോ ക്ലാസുകൾ സ്കൂളുകൾക്ക് ലഭ്യമാക്കാനും തീരുമാനമായി. ഡി.ഡി.ഇ മനോജ് മണിയൂർ, എസ്.എസ്.കെ ജില്ല കോഓഡിനേറ്റർ ഡോ.എ.കെ. അബ്ദുൽ ഹകീം, ആർ.ഡി.ഡി സന്തോഷ് കുമാർ, എ.ഡി. അപർണ വി.ആർ, കൈറ്റ് കോഓഡിനേറ്റർ പ്രിയ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ, വിദ്യാകിരണം കോഓഡിനേറ്റർ വി. വിനോദ്, ഡി.പി.ഒമാർ, ഡി.ഇ.ഒ മാർ, എ.ഇ.ഒമാർ, ബി.പി.സി മാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

