എ.കെ. ശശീന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം
text_fieldsകോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ പടയൊരുക്കവുമായി ഒരു വിഭാഗം എൻ.സി.പി ജില്ല, സംസ്ഥാന നേതാക്കൾ. തനിക്കെതിരെ ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും സംസ്ഥാനതലത്തിൽപോലും ആഞ്ഞടിച്ചിട്ടും എലത്തൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കം തുടരുകയാണ് എ.കെ. ശശീന്ദ്രൻ. തർക്കത്തിലേക്ക് നീങ്ങുന്നതോടെ സി.പി.എം എലത്തൂർ നിയോജക മണ്ഡലം തിരിച്ചെടുത്ത് എൻ.സി.പിക്ക് വിജയസാധ്യതയുള്ള കുന്ദമംഗലംപോലുള്ള മറ്റൊരു സീറ്റ് നൽകുന്നതിലേക്കും ആലോചന നീങ്ങുകയാണ്.
എൻ.സി.പിയിൽനിന്നുള്ള ഒരു വിഭാഗംതന്നെ സി.പി.എം ജില്ല നേതൃത്വത്തോട് എ.കെ. ശശീന്ദ്രന് വീണ്ടും സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുന്നതിനാൽ മണ്ഡലം നഷ്ടപ്പെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്നാണ് മണ്ഡല മാറ്റത്തിനുള്ള സാധ്യത തെളിയുന്നത്. ഇത്തവണ മാറിനിൽക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി നേതാക്കൾ വരുംദിവസം എ.കെ. ശശീന്ദ്രനെ കാണാൻ തീരുമാനിച്ചിട്ടുമുണ്ട്.
എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസും എ.കെ. ശശീന്ദ്രനും തമ്മിലുള്ള അസ്വാരസ്യം ശശീന്ദ്രനെതിരെ ഉപയോഗപ്പെടുത്താനും ശ്രമമുണ്ടാകും. ഇരുവരോടും നിലവിലെ സീറ്റുകളിൽ മത്സരിക്കാൻ ദേശീയ അധ്യക്ഷൻ ശരത് പവാർ അറിയിച്ചിട്ടുണ്ടെന്ന് തോമസ് കെ. തോമസ് പറഞ്ഞ് ഇരുവരുടെയും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയെങ്കിലും ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചെങ്കിൽ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്ന നിലപാടാണ് എ.കെ. ശശീന്ദ്രൻ സ്വീകരിച്ചത്.
ഇത്തവണയും എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ, ശശീന്ദ്രൻ മത്സരിച്ചില്ലെങ്കിൽ േതാമസ് കെ. തോമസിന് മന്ത്രി സ്ഥാനം വന്നുചേരാൻ സാധ്യതയുണ്ട്. എന്നാൽ, എൻ.സി.പിയിൽ ആരെക്കാളും പിണറായി വിജയന് മുഖ്യം എ.കെ. ശശീന്ദ്രനായതിനാൽ എലത്തൂർ ഇത്തവണയും നഷ്ടമാകില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ശശീന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

