സരോവരം ബയോപാർക്ക് സുന്ദരിയാകുന്നു
text_fieldsകോഴിക്കോട്: നഗരത്തിലെ പ്രധാന സന്ദർശക കേന്ദ്രമായ സരോവരം ബയോപാർക്ക് പുതുമോടിയിൽ അണിഞ്ഞൊരുങ്ങുന്നു. തുരുത്തിന്റെ കുളിർമയും പച്ചപ്പും നിലനിർത്തിയാണ് ഏറെ സൗകര്യത്തോടെ 2.19 കോടി രൂപ ചെലവിട്ട് ബയോപാർക്ക് നവീകരിക്കുന്നത്. അന്തിമ ഘട്ടത്തിലായ പ്രവൃത്തി പൂർത്തീകരിച്ച് ഫെബ്രുവരി മൂന്നാം വാരത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
200 ഏക്കറിലധികം വിസ്‌തൃതിയുള്ള പ്രകൃതി രമണീയ കേന്ദ്രത്തിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടിയും സഞ്ചാരികൾക്ക് ഏറെ ആകർഷകമാക്കിയുമാണ് നവീകരിച്ചിരിക്കുന്നത്. ജൈവവൈവിധ്യങ്ങളുടെയും വിവിധതരം കണ്ടലുകളുടെയും കേന്ദ്രമാണിവിടം. ഏതു ചൂടിലും തണുപ്പുമാറാത്ത കാലാവസ്ഥയാണിവിടെ.
നവീകരണം പൂർത്തിയാവുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിലും വൻ വർധനവുണ്ടാവും. ഓപൺ എയർ തിയറ്റർ, ബയോ പാർക്കിനുള്ളിൽ നിലവിൽ കല്ല് പാകിയ നടപ്പാത, റെയിൻ ഷെൽട്ടറുകൾ, ചുറ്റുമതിൽ, മരം കൊണ്ടുള്ള ചെറുപാലങ്ങൾ, കവാടം എന്നിവയുടെ നവീകരണം പൂർത്തിയായി. കുട്ടികളുടെ പാർക്കും സെക്യൂരിറ്റി കാബിൻ എന്നിവയുടെ പ്രവൃത്തിയും നടക്കുന്നു. 40 നിരീക്ഷണ കാമറകൾ സ്ഥാപിക്കും.
വിവിധ പരിപാടികൾക്കും മറ്റുമായി ആളുകൾ എത്തിച്ചേരുന്ന ഓപൺ സ്റ്റേജിന്റെ പ്രവൃത്തിയും മഴ നനയാതെ ഇരിക്കാനുള്ള ചെറുതും വലുതുമായ റെയിൻ ഷെൽട്ടറുകളും പൂർത്തിയായി. കഫ്റ്റീരിയ, അമിനിറ്റി സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

