റഷ്യൻ യുവതിയുടെ ആത്മഹത്യശ്രമം; സുഹൃത്ത് അറസ്റ്റിൽ
text_fieldsആഖിൽ
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ വീട്ടിൽ റഷ്യൻ യുവതി ആത്മഹത്യശ്രമം നടത്തിയ കേസിൽ സുഹൃത്തിനെ കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കാളങ്ങാലി ഓലക്കുന്നത്ത് ആഖിലാണ് (28) അറസ്റ്റിലായത്.
വീടിന്റെ മുകളിൽനിന്ന് ചാടിയ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആഖിലിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. ശരീരത്തിൽ ആഖിൽ ഉപദ്രവിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു.
നേരത്തേ ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ ഖത്തർ ലോകകപ്പിന്റെ സെക്യൂരിറ്റി ജീവനക്കാരനായി സേവനമനുഷ്ഠിച്ചപ്പോൾ ഫുട്ബാൾ കളി കാണാൻ വന്ന യുവതിയെ വീട്ടിലേക്ക് കൂട്ടിവരുകയായിരുന്നു. എന്നാൽ, ലഹരിക്ക് അടിമയായ യുവാവ് റഷ്യൻ യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
യുവാവിന്റെ അക്രമം ഭയന്ന് മാതാപിതാക്കൾ വീട് മാറിയിരിക്കുകയാണ്. യുവതി ആത്മഹത്യശ്രമം നടത്തിയശേഷം യുവാവ് വീടിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച കൂരാച്ചുണ്ട് സി.ഐ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വീടിന്റെ വാതിൽ പൂട്ടുപൊളിച്ചാണ് ആഖിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. വനിത കമീഷനും കേസെടുത്ത് കൂരാച്ചുണ്ട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.