ഓണത്തിരക്കിൽ ട്രെയിനുകളിൽ സൂചികുത്താൻ ഇടമില്ല; എന്ന് തീരും ഈ ദുരിതയാത്ര?
text_fieldsഎറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴുള്ള യാത്രക്കാരുടെ തിരക്ക്
കോഴിക്കോട്: ഓണാവധി കഴിഞ്ഞ് മടങ്ങാൻ ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ലാതെ യാത്രക്കാർ പെരുവഴിയിലാകുന്നു. മലബാർ മേഖലയിലാണ് കൂടുതൽ യാത്രാപ്രതിസന്ധി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകളെല്ലാം വൻദുരിതമായി. ജനറൽ കമ്പാർട്ട്മെന്റുകളിൽ ശ്വാസംമുട്ടുന്ന തിരക്കാണ്. നേരെ നിൽക്കാൻപോലും കഴിയാതെയാണ് കോഴിക്കോട് എത്തിയതെന്ന് ബുധനാഴ്ച വൈകീട്ട് തുരന്തോ എക്സ്പ്രസിൽ കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർ പറയുന്നു. ഏറെ മുറവിളികൾ ഉയർന്നെങ്കിലും ഇത്തവണയും നാമമാത്ര സ്പെഷൽ ട്രെയിനുകൾ മാത്രമാണ് മലബാർ മേഖലക്ക് ലഭിച്ചത്.
ബുധനാഴ്ച വൈകീട്ട് എറണാകുളം -ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്ലാറ്റ് ഫോം നിറയെ ട്രെയിനിൽ കയറാനുള്ള യാത്രക്കാർ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ജനറൽ കമ്പാർട്ട്മെന്റുകളിൽ കാലുകുത്താൻപോലും ഇടമില്ലാത്തവിധം തിരക്കായിരുന്നു. ഇതുകാരണം പലർക്കും ട്രെയിനിൽ കയറിപ്പറ്റാൻ കഴിഞ്ഞില്ല. റിസർവേഷൻ ടിക്കറ്റുകളെല്ലാം നേരത്തേ തീർന്നിരുന്നു.
ജനറൽ ടിക്കറ്റ് എടുത്ത പലരും കമ്പാർട്ട്മെന്റുകളിൽ കയറിപ്പറ്റാൻ കഴിയാതെ, ടി.ടി.ആർ വരുമ്പോൾ ഫൈൻ അടക്കാമെന്നു പറഞ്ഞു റിസർവേഷൻ കമ്പാർട്ട്മെന്റുകളിൽ കയറിപ്പറ്റി. ഇത്തരക്കാരോട് ടി.ടി.ആർ വൻതുക പിഴ ഈടാക്കുന്നുമുണ്ട്. തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസ് അടക്കം മറ്റു ട്രെയിനുകളിലെല്ലാം സമാനമായിരുന്നു അവസ്ഥ.
‘പാരയിൽ’ കുടുങ്ങി സ്വപ്ന സർവിസ്
കോഴിക്കോട്: ദീർഘകാല ആവശ്യമായ ബംഗളൂരൂ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതിയായിട്ടും കർണാടകയിലെ മുൻ ബി.ജെ.പി എം.പിയുടെ ‘പാരയിൽ’ കുടുങ്ങിക്കിടക്കുകയാണ്. രാത്രി 9.35ന് കെ.എസ്.ആർ ബംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് രാവിലെ 10.55ന് കണ്ണൂരിൽ എത്തുന്ന ട്രെയിൻ ആറു മണിക്കൂർ കണ്ണൂരിൽ നിർത്തിയിടുന്നതിനു പകരം കോഴിക്കോട്ടേക്ക് സർവിസ് ദീർഘിപ്പിച്ചാൽ ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാവും.
എം.കെ. രാഘവൻ എം.പിയുടെ ശ്രമഫലമായി ഈ ട്രെയിൻ 11ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.40ന് കോഴിക്കോട്ടെത്തി തിരിച്ച് വൈകീട്ട് 3.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് അഞ്ചിന് കണ്ണൂരിൽ എത്തി 5.05ന് ഇവിടെനിന്ന് പുപ്പെട്ട് അടുത്തദിവസം രാവിലെ 6.35ന് ബംഗളൂരുവിൽ എത്തുന്ന രീതിയിൽ ക്രമീകരിച്ച് റെയിൽവേ അംഗീകാരം നേടിയിരുന്നു.
എന്നാൽ, ഇങ്ങനെ സർവിസ് നീട്ടുന്നത് മംഗളൂരുവിലുള്ളവർക്ക് നഷ്ടമായിരിക്കുമെന്ന വാദവുമായി കർണാടക മുൻ എം.പി നളിൻ കുമാർ കട്ടീൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സ്വാധീനിച്ച് തടയുകയായിരുന്നു. കട്ടീലിന്റെ വാദം അംഗീകരിച്ച കേന്ദ്രമന്ത്രി തീരുമാനം മരവിപ്പിച്ചു. മന്ത്രി മാറിയെങ്കിലും ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നതിനോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

