മണിപ്പൂരിൽ നടക്കുന്നത് ആർ.എസ്.എസ് സ്പോൺസർചെയ്ത കലാപം -ഇ.പി. ജയരാജൻ
text_fields‘മണിപ്പൂരിനെ രക്ഷിക്കുക’ എന്ന ആവശ്യമുന്നയിച്ച് എൽ.ഡി.എഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ആർ.എസ്.എസ് സ്പോൺസർചെയ്ത കലാപമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ എൽ.ഡി.എഫ് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിന്റെ ദുരന്തഫലമാണ് മണിപ്പൂർ ജനത ഇപ്പോൾ അനുഭവിക്കുന്നത്. ഗുജറാത്തിൽ പയറ്റിയ തന്ത്രം ബി.ജെ.പി മണിപ്പൂരിലും പയറ്റുന്നു. മതത്തിന്റെയും വംശീയതയുടെയും പേരിൽ രാജ്യത്തെ ശിഥിലീകരിക്കുകയാണ് അവർ. വനമേഖലയുടെ നിയന്ത്രണാധികാരം ബി.ജെ.പി നിയന്ത്രണത്തിലുള്ള മാഫിയ സംഘങ്ങൾക്ക് നൽകാനുള്ള നീക്കമാണ് ന്യൂനപക്ഷമായ കുക്കികളെ പ്രകോപിപ്പിച്ചത്.
ഒന്നിച്ചുനിന്ന ജനങ്ങളെ വിഭജിക്കുന്ന ഇടപെടലാണ് ആർ.എസ്.എസ് നടത്തിയത്. നൂറുകണക്കിനുപേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങൾ അഭയാർഥികളായി. ഗ്രാമങ്ങൾ ചുട്ടു ചാമ്പലാക്കുന്നു. ആരാധനാലയങ്ങൾ കത്തിക്കുന്നു. പൊലീസിന്റെ കൈയിൽനിന്ന് തട്ടിയെടുത്ത നാലായിരത്തോളം തോക്കുകൾ ഉപയോഗിച്ചാണ് കലാപകാരികൾ അക്രമം അഴിച്ചുവിടുന്നത്.
രാജ്യം ലജ്ജിച്ചു തലതാഴ്ത്തുന്ന വിധത്തിൽ സ്ത്രീകൾക്കുനേരെ അതിക്രൂരമായ ആക്രമണമാണ് നടക്കുന്നത്. എന്നിട്ടും പ്രധാനമന്ത്രി നിശ്ശബ്ദനായിരിക്കുകയാണ്. മണിപ്പൂർ എവിടെയും ആവർത്തിക്കാമെന്ന ജാഗ്രത ആവശ്യമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.കെ. നാണു (ജനതാദൾ എസ്), എം.കെ. പ്രേംനാഥ് (എൽ.ജെ.ഡി).
എം.പി. സൂര്യനാരായണൻ (എൻ.സി.പി), എ.പി. അബ്ദുൽ വഹാബ് (ഐ.എൻ.എൽ), അഡ്വ. ഷാജു ജോർജ് (കേരള കോൺഗ്രസ് എം), വി. ഗോപാലൻ (കോൺഗ്രസ് എസ്), മേയർ ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് സിറ്റി മണ്ഡലം കൺവീനർ ടി.പി. ദാസൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

