കോഴിക്കോട് ജില്ലയിലെ റോഡുകൾ കുരുതിക്കളം: കഴിഞ്ഞ വർഷം പൊലിഞ്ഞത് 374 ജീവൻ
text_fieldsകോഴിക്കോട്: ജില്ലയിലെ റോഡുകൾ കുരുതിക്കളങ്ങളാകുന്നു. കഴിഞ്ഞ വർഷം 374 ജീവനുകളാണ് വിവിധ റോഡുകളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെട്ടതേറെയും. മരണനിരക്കിലും ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്തവരാണ് കൂടുതൽ.
15നും 40നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽ മരിച്ചവരിലേറെയെന്നും പൊലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 4197 അപകടങ്ങളിലായി 4736 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിൽ മരണം മുൻവർഷത്തേക്കാൾ ഇരട്ടിയിലധികമായി.
സംസ്ഥാനതലത്തിൽ ഇക്കാലയളവിൽ 43,957 വാഹനാപകടങ്ങളിലായി 4303 പേർ മരിക്കുകയും 49,261 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റു ജില്ലകളുമായി താരതമ്യംചെയ്യുമ്പോൾ കോഴിക്കോട്ടെ അപകടങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. 2021ൽ 214ഉം 2020ൽ 236 പേരുമാണ് ജില്ലയിൽ വാഹനാപകടങ്ങളിൽ മരിച്ചത്. നിരവധി പേർ ജീവച്ഛവങ്ങളായി ആശുപത്രിയിൽ കഴിയുന്നുമുണ്ട്.
അമിത വേഗം, അശ്രദ്ധ, ഗതാഗത നിയമലംഘനം എന്നിവയാണ് അപകടങ്ങൾ വർധിക്കാനുള്ള പ്രധാന കാരണമായി പൊലീസും മോട്ടോർ വാഹന വകുപ്പും പറയുന്നത്. ബൈപാസുകളിലുൾപ്പെടെയുള്ള അപകടങ്ങളിൽ മിക്കതിനും അമിത വേഗമാണ് കാരണം. റോഡിൽ തിരക്കൊഴിയുന്നതോടെ വാഹനങ്ങൾ വേഗംകൂട്ടുന്നതും മറ്റു വാഹനങ്ങളെ മറികടക്കുന്നതും അപകടം വിളിച്ചുവരുത്തുകയാണ്.
മൊബൈൽ ഫോണിൽ സംസാരിച്ചും മൊബൈൽ ഫോണിൽ പാട്ടുവെച്ച് ഹെഡ്സെറ്റ് ചെവിയിൽ കുത്തിയും പോകുമ്പോഴാണ് അശ്രദ്ധയാലുള്ള അപകടം. ഇടറോഡുകളിൽനിന്ന് മെയിൻ റോഡിലേക്കു പ്രവേശിക്കുമ്പോൾ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, വളവുകളിൽ ഹോൺ മുഴക്കാതിരിക്കുക, ജങ്ഷനുകളിൽ വേഗം കുറക്കാതിരിക്കുക തുടങ്ങിയവയും അപകടങ്ങൾക്കിടയാക്കുന്നു.
സീബ്രലൈനുകളിലൂടെ ആളുകൾ നടന്നുപോകുമ്പോൾപോലും വാഹനം നിർത്താതെ തെറ്റിച്ചെടുക്കുന്ന അവസ്ഥയുണ്ട്. വാതിലുകൾ അടക്കാതെ സർവിസ് നടത്തുന്ന ബസുകളിൽനിന്ന് ആളുകൾ തെറിച്ചുവീഴുന്നതും അനുദിനം കൂടിവരുകയാണ്.
ജില്ലയിൽ അപകടം കൂടുതലുണ്ടാവുന്ന റോഡുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവില്ല എന്നതാണ് വസ്തുത.
കോഴിക്കോട്ടുനിന്ന് ബാലുശ്ശേരി, മാവൂർ, കുറ്റ്യാടി തുടങ്ങിയ റൂട്ടുകളിലെല്ലാം ബസുകളുടെ മത്സരയോട്ടവും അപകടം വിളിച്ചുവരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.