റോഡിൽ ചളിവെള്ളക്കെട്ട്
text_fieldsകുനിയിൽകാവ് റോഡിനോട് ചേർന്നുള്ള ഇടറോഡ് തകർന്ന
നിലയിൽ
കോഴിക്കോട്: നഗരത്തിലെ ഇടറോഡിന്‍റെ തകർച്ചയും ചളിവെള്ളക്കെട്ടും കാൽനടക്കാർക്ക് ദുരിതമാകുന്നു. വയനാട് റോഡിലെ ജില്ല മൃഗാശുപത്രി പരിസരത്തുനിന്ന് ജാഫർഖാൻ കോളനി ഭാഗത്തേക്കുള്ള ഇടറോഡാണ് പലഭാഗത്തായി തകർന്ന് കുഴികളിൽ ചളിവെള്ളം നിറഞ്ഞുകിടക്കുന്നത്. ഇടറോഡ് വന്നുചേരുന്ന കുനിയിൽകാവ് റോഡിനോട് ചേർന്നുള്ള ഭാഗത്താണ് ഏറ്റവും വലിയ ദുരിതം. മഴക്കാലം തുടങ്ങിയതോടെ ഇവിടത്തെ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.
താഴ്ന്നഭാഗമായതിനാൽ മഴവെള്ളത്തിന് പുറമെ സമീപ ഭാഗങ്ങളിൽനിന്നെല്ലാം റോഡിലേക്ക് ഉറവകളും ഏറെയാണ്.
കുനിയിൽ കാവ് റോഡിന് ഓട നിർമിച്ചപ്പോൾ ഈ ഇടറോഡിലെ മഴവെള്ളം ഒഴിഞ്ഞുപോകാൻ പ്രത്യേക കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതുവഴി പൂർണമായും വെള്ളം ഒഴിഞ്ഞുപോകുന്നില്ല. മാസങ്ങളായി വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയോടെ ഈ ഭാഗത്തെ ടാറിങ് പൂർണമായും തകർന്ന് വലിയ കല്ലുകൾ പുറത്തുകാണുന്ന നിലയിലാണ് റോഡ്. ഇത് ഇരുചക്രവാഹനങ്ങളുടെ അപകടത്തിനും വഴിവെക്കുന്നു.
വെള്ളം റോഡിൽ പരന്നൊഴുകുന്നതിനാൽ ചളി ചവിട്ടാതെ കാൽനടക്കാർക്ക് പോകാനും കഴിയില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് ദുർഗന്ധം വമിക്കാനും തുടങ്ങി.
മലിനജലം പരിസരവാസികൾക്ക് ആരോഗ്യ ഭീഷണിയും ഉയർത്തുന്നു. ഈ റോഡിന്‍റെ മറ്റു പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. ഓടയില്ലാത്തതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. റോഡ് ഉയർത്തി ഓടയടക്കം നിർമിക്കുമെന്ന് നഗരസഭ അധികൃതർ പലതവണ ഉറപ്പുപറഞ്ഞതാണെന്നും എന്നാലാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നുമാണ് പരിസരവാസികളുടെ പരാതി.
കണ്ണൂർ റോഡിൽനിന്നടക്കം എളുപ്പത്തിൽ അരയിടത്തുപാലത്തും മിനി ബൈപാസിലും എത്താനുള്ള വഴിയാണിത്. ദിവസേന നൂറുകണക്കിന് ചെറുവാഹനങ്ങളും കാൽനടക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

