റോഡിൽ അപകടക്കുഴികൾ; ദുരിതത്തിലായി യാത്രക്കാർ
text_fieldsഎകരൂൽ: റിലയൻസ് ജിയോ കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് കേബ്ൾ സ്ഥാപിക്കാൻ വീതികുറഞ്ഞ വള്ളിയോത്ത് - കപ്പുറം റോഡിൽ വലിയ കുഴിയെടുത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വീതികുറഞ്ഞ റോഡിൽ കേബ്ൾ കുഴി ഉണ്ടാക്കുന്നത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതായും പ്രദേശവാസികൾ പറയുന്നു. കേബിളുകൾ ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാകാത്തതിനാൽ കുഴികൾ ഇതുവരെ നികത്തിയിട്ടില്ല.
പലയിടങ്ങളിലും കുഴികൾക്ക് ചുറ്റും റിബൺ വലിച്ചുകെട്ടിയതല്ലാതെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. മഴവെള്ളം നിറഞ്ഞ് റോഡും കുഴിയും തിരിച്ചറിയാനാവാതെ വരുന്നതും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. വിവിധ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബസുകൾ അടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. റോഡ് കുണ്ടും കുഴിയുമായതോടെ സ്കൂൾ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വീതി കുറഞ്ഞതിനാൽ സ്കൂൾ ബസുകൾക്ക് സർവിസ് നടത്താൻ കഴിയുന്നില്ലെന്നും ഇത് കാരണം വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താൻ കഴിയുന്നില്ലെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. പ്രദേശത്തെ ക്വാറിയിൽനിന്ന് കരിങ്കല്ലുമായി പോകുന്ന നൂറുകണക്കിന് ടിപ്പർ ലോറികളും റോഡിലെ കുഴിയുടെ അടുത്തെത്തിയാൽ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. വാഹനങ്ങളുടെ തിരക്കും റോഡിലെ കുഴിയും കാരണം കാൽനടക്കും പ്രയാസം സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.