കെ.എസ്.യു മാർച്ചിൽ ഉന്തും തള്ളും റോഡ് ഉപരോധവും; 15 പേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകർക്കുനേരെയുള്ള പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സിറ്റി പൊലീസ് മേധാവി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
കോഴിക്കോട്: സിറ്റി പൊലീസ് മേധാവി ഓഫിസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും റോഡ് ഉപരോധവും. തുടർന്ന് നേതാക്കളടക്കം 15 പേരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാർ, സംസ്ഥാന സെക്രട്ടറി പി. സനോജ്, അർജുൻ പൂനത്ത്, എ.കെ. ബജിത്ത് അടക്കമുള്ളവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
തിരുവനന്തപുരത്ത് കെ.എസ്.യു മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. മാവൂർ റോഡ് ജങ്ഷനിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ മാനാഞ്ചിറക്കു സമീപം പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ്ചെയ്ത് നീക്കി. സമരത്തെ തുടർന്ന് അൽപനേരം മാനാഞ്ചിറ ഭാഗത്ത് ഗതാഗത തടസ്സവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

