നിർമാണ മേഖലക്ക് തിരിച്ചടിയായി ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ വിലക്കയറ്റം
text_fieldsകോഴിക്കോട്: ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ വിലക്കയറ്റം നിർമാണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ബോളർ, മെറ്റൽ, എം.സാൻഡ്, പി.സാൻഡ് അടക്കമുള്ളവയുടെ വിലക്കയറ്റമാണ് തിരിച്ചടിയായത്.
പൊതുമരാമത്ത്, തദ്ദേശ വകുപ്പ്, വാട്ടർ അതോറിറ്റി, ജലസേചനം, ജൽജീവൻ മിഷൻ തുടങ്ങിയവയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെയാണ് ഒരു നിയന്ത്രണവുമില്ലാതെ ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക് വലിയതോതിൽ വില വർധിപ്പിച്ചതെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി. മോഹൻദാസ് പറഞ്ഞു.
ഒരു ഫൂട്ട് മെറ്റൽ, എം.സാൻഡ് എന്നിവയടക്കമുള്ളവക്ക് മൂന്നുരൂപയിൽ താഴെ സർക്കാർ റോയൽറ്റിയുൾപ്പെടെയുള്ളവ വർധിപ്പിച്ചതിന്റെ മറവിൽ ഇവക്ക് പത്തു രൂപവരെയാണ് കൂട്ടിയത്. എന്നാൽ, ഏകീകൃത നിരക്ക് ഇല്ലാത്തത് പകൽകൊള്ളക്കും ഇടയാക്കുകയാണ്.
ഇപ്പോൾ പലയിടക്കും പല വിലയാണ്. 2015ൽ 35 രൂപയുണ്ടായിരുന്ന എം.സാൻഡിന് ഇപ്പോൾ 60 രൂപ വരെയാണ് ഈടാക്കുന്നത്. റോയൽറ്റി വർധിപ്പിക്കാത്തപ്പോൾ പോലും വില കൂട്ടുകയാണ് ക്വാറി അധികൃതർ ചെയ്തത് -അദ്ദേഹം പറഞ്ഞു. നിർമാണ സാമഗ്രികളുടെ വിലവർധന സർക്കാർ പ്രവൃത്തികളെ മാത്രമല്ല സാധാരണക്കാർക്കുള്ള ‘ലൈഫ്’ ഭവന പദ്ധതിയിലെ വീടുകളുടെ നിർമാണത്തെ വരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
2018ലെ നിരക്ക് പ്രകാരമാണ് കരാർ തുക നിശ്ചയിക്കുന്നത് എന്നതിനാൽ ചെറുകിട കരാറുകാരും നിശ്ചയിച്ച തുകക്ക് പ്രവൃത്തി പൂർത്തീകരിക്കാനാവാതെ നട്ടംതിരിയുകയാണ്. ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും പൂർണമായും സ്വകാര്യ മേഖലയിലായതാണ് അടിക്കടിയുള്ള വില വർധനക്ക് ഇടയാക്കുന്നതെന്നും ആക്ഷേപമുണ്ട്.
വില നിലയന്ത്രിക്കുന്നതിന് സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നുയർന്നിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഖനനം പൊതുമേഖലയിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നതായും ഇത് യാഥാർഥ്യമാക്കിയാൽ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
മാത്രമല്ല റോഡുകൾ, പാലങ്ങൾ അടക്കമുള്ള സർക്കാർ പ്രവൃത്തികൾക്കാണ് ബോളർ, മെറ്റൽ, എം.സാൻഡ് തുടങ്ങിയവയുടെ 30 ശതമാനത്തിലേറെ വിനിയോഗിക്കുന്നത് എന്നതിനാൽ അത്തരത്തിലുള്ള നടപടി വിപ്ലവകരമാവുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിലക്കയറ്റം അതിരൂക്ഷമായതോടെ മഴക്കുമുമ്പേ തീർക്കേണ്ട റോഡ് അറ്റകുറ്റപ്പണികളടക്കം പലയിടത്തും മുടങ്ങുന്ന സാഹചര്യവുമുണ്ട്. പ്രളയങ്ങളിലടക്കം പുഴയിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിന് സർക്കാർ അനുമതി നൽകിയാൽ ഒരുപരിധിവരെ ഖനനം നിയന്ത്രിക്കാനും വില കുറക്കാനുമാകുമെങ്കിലും ഈ നിലക്കുള്ള നടപടികൾ ഉണ്ടാവാത്തതും തിരിച്ചടിയാണ്.
നിലവിൽ ക്വാറി ഉടമകളും വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സമരത്തിലാണ്. നേരിയ തോതിലാണ് വിലക്കയറ്റമെന്നും സർക്കാറിന്റെ ദ്രോഹനിലപാടിനെതിരെയാണ് സമരമെന്നുമാണ് ക്വാറിക്കാർ ചൂണ്ടിക്കാട്ടുന്നത്. സമരത്തെ തുടർന്നുള്ള ക്ഷാമവും പ്രവൃത്തികൾ നിർത്തിവെക്കുന്നതിന് കാരണമായിട്ടുണ്ട്.
കലക്ടറേറ്റ് മാർച്ച് ഇന്ന്
കോഴിക്കോട്: ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമരത്തിന്റെ ആദ്യപടിയായി ഏപ്രിൽ 25ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
വിലക്കയറ്റം സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിനടക്കം തിരിച്ചടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ട്രഷറർ പി. മോഹൻദാസ്, ജില്ല പ്രസിഡന്റ് പി. സുരേന്ദ്രൻ, സെക്രട്ടറി കെ.എം. സഹദേവൻ, ടി. ഷൈലേഷ്, പി. നിഖിൽ കുമാർ, വി. മധുകരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.