റവന്യൂ ജില്ല കായികമേള; മുന്നിൽ തുടർന്ന് മുക്കം
text_fieldsറവന്യൂ ജില്ല കായികമേളയിൽ നിന്നുള്ള ദൃശ്യങ്ങൾ
കോഴിക്കോട്: പുതിയ താരങ്ങളെയും വേഗങ്ങളെയും സൃഷ്ടിച്ച് റവന്യൂ ജില്ല കായികമേളയുടെ രണ്ടാംദിവസവും മുക്കം ഉപജില്ല കുതിപ്പ് തുടരുന്നു. ട്രാക്കിലും ഫീൽഡിലുമായി നാൽപതോളം മത്സരം പൂർത്തിയായ രണ്ടാംദിവസം മത്സരം അവസാനിക്കുമ്പോൾ 229 പോയന്റുമായി മുക്കം ഉപജില്ല ഏറെ മുന്നിലാണ്.
82 പോയന്റ് വ്യത്യാസത്തിൽ പേരാമ്പ്ര ഉപജില്ല 147 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. 43 പോയന്റോടെ ചേവായൂർ മൂന്നാം സ്ഥാനത്തും. 17 സബ്ജില്ലകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഏറ്റവും പിന്നിൽ താമരശ്ശേരി സബ്ജില്ലയാണ്. ഒരു പോയന്റ് മാത്രമാണ് താമരശ്ശേരിക്കുള്ളത്.
മലബാർ അക്കാദമിക്കു കീഴിൽ പരിശീലനം നേടുന്ന ഇതര സംസ്ഥാന വിദ്യാർഥികളുടെ വിജയക്കൊയ്ത്തിന്റെ പിന്തുണയും ചേർന്നതോടെ സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ 158 പോയന്റുമായി സ്കൂൾ വിഭാഗത്തിൽ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സെന്റ് ജോർജസ് എച്ച്.എസ്.എസ് കുളത്തുവയലിന് 79 പോയന്റാണുള്ളത്. ജി.വിഎച്ച്.എസ്. മേപ്പയൂർ 32 പോയന്റുമായി മൂന്നാംസ്ഥാനത്താണ്.
മേളയുടെ അവസാന ദിനമായ വെള്ളിയാഴ്ച ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രി, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, പോൾവാൾട്ട്, ഹാമർ േത്രാ മത്സരങ്ങൾ നടക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ശസ്ത്രക്രിയ മാറ്റിവെച്ച് ട്രാക്കിലെത്തി; സ്വർണവുമായി മടങ്ങി ദേവനന്ദ
കോഴിക്കോട്: ഡോക്ടർമാർ നിർദേശിച്ച ശസ്ത്രക്രിയപോലും മാറ്റിവെച്ച് ട്രാക്കിലെത്തിയ ദേവനന്ദ തിരിച്ചത് സ്വർണവുമായി. ഉദരസംബന്ധമായ രോഗം കാരണം ചികിത്സയിലായിരുന്ന ദേവനന്ദ രണ്ടു ദിവസം മുമ്പ് മാത്രം ആശുപത്രിയിൽനിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.
ദേവനന്ദ വി.ബിജു
വ്യാഴാഴ്ച ഉച്ചയോടെ 100 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ കളത്തിലിറങ്ങിയ ദേവനന്ദ കടുത്ത വേദനയെ അവഗണിച്ച് കുതിച്ചുപാഞ്ഞ് വേഗറാണി പട്ടം നേടി. സംസ്ഥാനതല മത്സരത്തിനു ശേഷം ശസ്ത്രക്രിയക്ക് വിധേയയാകണമെന്ന വിശ്വാസത്തിലാണ്. സെന്റ് ജോസഫ്സ് പുല്ലൂരാംപാറയിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ദേവനന്ദ കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് സ്വര്‍ണം നേടിയിരുന്നു. പേരാമ്പ്ര സ്വദേശികളായ വിജിതയുടെയും ബിജുവിന്റെയും മകളാണ്.
കായികലഹരിയിൽ ആരോഗ്യം മറന്ന് ഹരിദാസൻ മാസ്റ്റർ
കോഴിക്കോട്: ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസം കഴിയും മുമ്പേ റവന്യൂ ജില്ല കായിക മേളയിൽ സജീവ പങ്കാളിത്തം വഹിച്ച് മുതിർന്ന കായികാധ്യാപകനായ വി.പി. ഹരിദാസൻ. രണ്ടാഴ്ച ആശുപത്രിയിൽ കിടന്ന ഈ കായികപ്രേമി ശരീരംനോക്കാതെ പൊരിവെയിലിലും നിറഞ്ഞുനിൽക്കുകയാണ്.
ഹരിദാസൻ മാസ്റ്റർ കായികമേള ഗ്രൗണ്ടിൽ
നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്ത ഈ അധ്യാപകനെ അവശതമറന്നും ഗ്രൗണ്ടിൽ കാണുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും വിദ്യാർഥികൾ തിരിച്ചുനൽകുന്നുമില്ല. 22 വർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ മേയിൽ വിരമിച്ചെങ്കിലും പരിശീലനത്തിൽനിന്ന് വിട്ടുനിന്നില്ല. ഇത്തവണ 13 പേരെയാണ് ജില്ല മത്സരത്തിന് തയാറാക്കിയത്. അതിൽ അഞ്ചു സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഗുരുദക്ഷിണയായി താരങ്ങൾ സമർപ്പിച്ചു കഴിഞ്ഞു.
സമാപന ദിവസത്തിലും ശിഷ്യഗണങ്ങൾ മാറ്റുരക്കുന്നുണ്ട്. ലോങ്റെയ്സ്, ഹഡിൽസ്, ഹൈജംപ്, ലോങ്ജംപ്, ഹാമർത്രോ, വാക്കിങ് എന്നീ ഇനങ്ങളിൽ പരിശീലനം നൽകിയവരാണ് മെഡലുകൾ വാരിക്കൂട്ടിയത്. പല കായികാധ്യാപകരും പ്രതിഷേധസൂചകമായി മേളയിൽനിന്ന് വിട്ടുനിൽക്കുമ്പോൾ ഈ കായിക ആചാര്യൻ കളത്തിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

