കോർപറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് കേസ്; പ്രതിപക്ഷപിന്മാറ്റം സമ്മർദത്തിനു വഴങ്ങിയോ...
text_fieldsകോഴിക്കോട്: കെട്ടിടനമ്പർ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയെ കാണാൻ പുറപ്പെട്ട സർവകക്ഷി സംഘത്തിൽനിന്ന് പ്രതിപക്ഷം പിന്മാറിയത് തട്ടിപ്പിലുൾപ്പെട്ടവരിൽനിന്ന് ജില്ല കോൺഗ്രസ് നേതൃത്വത്തിനുമേൽ സമ്മർദമുള്ളതിനാലെന്ന് ആക്ഷേപം. സർക്കാറിനെതിരേ നിരവധി വിഷയങ്ങളിൽ പാർട്ടി സമരത്തിലിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കാണുന്നതിൽനിന്ന് കർശനമായി വിലക്കുന്നു എന്നായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ നിർദേശം. തുടർന്ന് ശോഭിതക്കൊപ്പം പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് അംഗവുമായ കെ. മൊയ്തീൻ കോയയും സംഘത്തിൽനിന്ന് പിന്മാറി. സംഭവത്തോടെ യു.ഡി.എഫിലും കോൺഗ്രസിനുള്ളിൽതന്നെയും ഭിന്നത ഉടലെടുത്തു.
തട്ടിപ്പിൽ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളിൽ ഒരാളും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന കരാറുകാരനും ഉൾപ്പെട്ടിട്ടുണ്ട്. മാത്രമല്ല, നേരത്തേ സസ്പെൻഷന് വിധേയരായ ജീവനക്കാരിൽ ഒരാൾ കോൺഗ്രസ് സർവിസ് സംഘടനയുടെ ഭാഗമായിരുന്നു.
നിർജീവമായിക്കിടക്കുന്ന കേസിൽ അന്വേഷണം ഊജിതമാക്കണമെന്നാവശ്യപ്പെട്ട് കോർപറേഷനിൽ പ്രതിപക്ഷം സമ്മർദം ശക്തമാക്കിയത് ഈ വിഭാഗത്തെ ചൊടിപ്പിച്ചിരുന്നുവെന്നും ഇവരുടെ സമ്മർദത്തിന് വഴങ്ങിയാണ് പ്രതിപക്ഷനേതാവിന് പാർട്ടി നേതൃത്വം വിലക്ക് ഏർപ്പെടുത്തിയെന്നുമാണ് ആക്ഷേപം. യാത്രക്കായി റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണ് ശോഭിതയെ വിളിച്ച് പ്രവീൺകുമാർ വിലക്കിയത്.
അതേസമയം, കെട്ടിടനമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റപത്രം വേഗം സമർപ്പിക്കാൻ ഇടപെടാനും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ സബ്മിഷൻ അവതരിപ്പിച്ചത് ശോഭിതയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്. മൂന്നു വർഷമായി വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ ഇതിൽ തുടർനടപടിയെടുക്കുമെന്ന് വിശ്വാസമില്ലാത്തിനാലാണ് വിലക്കേർപ്പെടുത്തിയതെന്നാണ് ഡി.സി.സി പ്രസിഡന്റിന്റെ വിശദീകരണം.
മേയറും സംഘവും മുഖ്യമന്ത്രിയെ കണ്ടു
കോഴിക്കോട്: കോർപറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് കേസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മേയർ ബീനാഫിലിപ്പും സംഘവും മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി.കെ. നാസർ, ഒ. സദാശിവൻ, എം.എസ്. തുഷാര എന്നിവരായിരുന്നു മേയർക്കൊപ്പമുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

