ഈ ശുചിമുറികൾക്കിതെന്തുപറ്റി! പുതിയതൊന്നും തുറക്കാനായില്ല, നഗരത്തിലെത്തുന്നവർക്ക് പെടാപ്പാട്
text_fieldsകോഴിക്കോട്: നഗരത്തിൽ മതിയായ ശുചിമുറി സംവിധാനമൊരുക്കാനുള്ള കോർപറേഷൻ ശ്രമം ഇനിയും ഫലം കണ്ടില്ല. നഗരത്തിൽ വിവിധയിടങ്ങളിലായി ആധുനിക ശുചിമുറി സമുച്ചയങ്ങൾ സ്ഥാപിച്ചെങ്കിലും നടത്തിക്കൊണ്ടുപോകാൻ ആളെ കിട്ടാത്തതാണ് പ്രശ്നം.
പലതവണ ടെൻഡർ വിളിച്ചെങ്കിലും ആരുമെത്തിയില്ല. ലാഭകരമല്ലാത്തതും ശുചിമുറി നടത്തുന്നതിനുള്ള വൈമുഖ്യവും സ്ത്രീകളടക്കമുള്ള നടത്തിപ്പുകാർക്ക് നേരിടേണ്ടിവരുന്ന ദുരനുഭവവുമെല്ലാം നടത്തിപ്പുകാരെത്താത്തതിന് കാരണമായി പറയുന്നു.
ബീച്ചിലും മാനാഞ്ചിറയിലും മിഠായിതെരുവിലുമെത്തുന്നവരിൽ ഭൂരിപക്ഷവും ഇപ്പോഴും പ്രാഥമിക കർമം നിർവഹിക്കുന്നത് പാതയോരങ്ങളിലും ഹോട്ടലുകളിലും അടുത്തുള്ള വീടുകളിലുമാണ്. ബീച്ച് ആശുപത്രിക്ക് സമീപത്തെ വീട്ടുകാർ ശൗചാലയത്തിൽപോകാൻ സമ്മതം ചോദിച്ചെത്തുന്നവരുടെ ആധിക്യത്താൽ വിഷമിക്കുന്ന സ്ഥിതിയാണിപ്പോൾ.
മാനാഞ്ചിറയിലെയും മൂന്നാലിങ്കലിലെയും ടേക് എ ബ്രേക്ക് സമുച്ചയങ്ങൾ, ഓയിറ്റി റോഡ്, സെൻട്രൽ മാർക്കറ്റ്, ചേവായൂർ, എലത്തൂർ, ബേപ്പൂർ ടോയ്ലറ്റ് സമുച്ചയങ്ങൾ എന്നിവയെല്ലാം പണി പൂർത്തിയായവയാണ്.
ഓരോ സമുച്ചയങ്ങളും നിരവധി ശുചിമുറികൾ അടങ്ങിയവയാണ്. മൊത്തം അമ്പതോളം പുതുതായി നിർമിച്ചുകഴിഞ്ഞു. എൻജിനീയറിങ് വിഭാഗം നിർമിക്കുന്ന ടോയ്ലറ്റുകൾ ടെൻഡർ വിളിച്ച് നടത്തിപ്പിന് കരാർ കൊടുക്കേണ്ട ചുമതല റവന്യൂ വിഭാഗത്തിനാണ്.
മൂന്നാലിങ്കൽ ശുചിമുറിക്ക് കരാർ എടുത്തിരുന്നുവെങ്കിലും പെട്ടെന്ന് ഒഴിവാക്കി. മാനാഞ്ചിറയിലെ ടേക് എ ബ്രേക്ക് കൗണ്ടർ നടത്താൻ കുടുംബശ്രീ യൂനിറ്റുകൾ വന്നെങ്കിലും യോഗ്യതയുള്ളവരെ കണ്ടെത്താനായില്ല. പി.ടി. ഉഷ റോഡ്, ഓയിറ്റി റോഡിൽ ഇപ്പോഴുള്ള ശുചിമുറികൾക്കുസമീപം, പാവങ്ങാട് ബസ് ബേക്ക് സമീപം എന്നിവിടങ്ങളിലും പുതിയ ടേക് എ ബ്രേക്ക് സംവിധാനമൊരുക്കാനാണ് തീരുമാനം.
യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനും സംവിധാനമൊരുക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ പദ്ധതിയാണ് ടേക് എ ബ്രേക്ക്.
പൊതു ശൗചാലയത്തോട് ആളുകളുടെ മനോഭാവം മാറ്റിയെടുക്കാൻ അത്യാധുനിക ടോയ്ലറ്റുകളുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനായി നല്ല ഫണ്ടും ലഭ്യമാണ്. എന്നാൽ, നടത്തിപ്പിന് ആളെത്താത്തതാണ് പ്രശ്നമാവുന്നത്. മുന്നാലിങ്കൽ ജങ്ഷനിൽ ബീച്ച് ഗവ.ആശുപത്രിയുടെ മതിലിനോടുചേർന്ന സ്ഥലത്ത് ഗ്രേറ്റർ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കംഫർട്ട് സ്റ്റേഷൻ കം ഷോപ്പുമുറി കെട്ടിടമാണ് നടത്തിപ്പിന് ആളെ കിട്ടാതെ കിടക്കുന്നത്.
ബീച്ച് ആശുപത്രിയിൽ ഇപ്പോഴും മതിയായ ശുചിമുറികളില്ല. ഉള്ളവതന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞും മറ്റും പ്രശ്നത്തിലാണ്. നഗരത്തിലെത്തുന്ന സ്ത്രീകളടക്കമുള്ളവർക്ക് മതിയായ ശുചിമുറികളില്ലെന്ന വ്യാപക പരാതിയെത്തുടർന്ന് മനുഷ്യാവകാശ കമീഷനടക്കമുള്ളവർ ഇടപെട്ടിരുന്നു.
മോഡുലാർ ടോയ്ലറ്റ് പദ്ധതിയും ഉപേക്ഷിച്ചു
നഗരത്തിൽ സ്ഥാപിച്ച ഇ-ടോയ്ലറ്റുകൾ മുഴുവൻ പരാജയപ്പെട്ടതോടെ പകരം കൊണ്ടുവന്ന മോഡുലാർ ടോയ്ലറ്റ് പദ്ധതിയും കോർപറേഷൻ ഉപേക്ഷിച്ചു. കോർപറേഷൻ ഓഫിസ് വളപ്പിൽ പരീക്ഷണാർഥം സ്ഥാപിച്ച രണ്ട് മോഡുലാർ ടോയ്ലറ്റുകൾക്കും നിരവധി തകരാറുകളുള്ളതായി എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണിത്.
മോഡുലാർ ടോയ്ലറ്റുകൾ പെട്ടെന്ന് കൊണ്ടുവെക്കാമെന്നതിനാൽ ശ്മശാനം പോലുള്ളയിടങ്ങളിൽ ഉപയോഗിക്കാമെന്നായിരുന്നു പ്രതീക്ഷ. ഇതിനായി നീക്കിവെച്ച, ശുചിത്വ മിഷൻ ഫണ്ടിൽനിന്നുള്ള 84 ലക്ഷം രൂപ ടേക് എ ബ്രേക്ക് പദ്ധതിയിലേക്ക് മാറ്റാനാണ് ശ്രമം. ഇ-ടോയ്ലറ്റുകൾ അശാസ്ത്രീയ നിർമിതി കാരണം ആളുകയറാതെ നശിക്കുകയാണ്.
ശുചിമുറികൾ 'സുലഭി'നെ ഏൽപിക്കാൻ ശ്രമം
നഗരത്തിൽ പണിപൂർത്തിയായ ശുചിമുറികളുടെ നടത്തിപ്പിന് ആളെത്താത്ത സാഹചര്യത്തിൽ പ്രമുഖ സന്നദ്ധ ഏജൻസിയായ 'സുലഭി'നെ ഏൽപിക്കാൻ ശ്രമമാരംഭിച്ചതായി കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
50 കൊല്ലത്തിലേറെയായി ഈ രംഗത്തുള്ള സുലഭ് ഇന്‍റർനാഷനലാണ് ഇന്ത്യയിൽ പേ ആൻഡ് യൂസ് ടോയ്ലറ്റുകൾ പരിചയപ്പെടുത്തിയത്. 36 റെയിൽവേ സ്റ്റേഷനിലടക്കം രാജ്യത്ത് 9000 പൊതു ശൗചാലയങ്ങൾ നടത്തുന്നതായാണ് പറയുന്നത്. സുലഭിന് പുതിയ ടോയ്ലറ്റുകളുടെ ലിസ്റ്റ് നൽകി അവർക്ക് നടത്താൻ പറ്റുന്നവ ഏതെന്ന് നോക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.