ജില്ലയില്‍ സെപ്റ്റംബറോടെ ഭിന്നശേഷി വിവര രജിസ്ട്രേഷന് പൂര്‍ത്തിയാക്കും
text_fieldsകോഴിക്കോട്: മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുന്ന ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറോടെ ഭിന്നശേഷി വിവര രജിസ്ട്രേഷന് പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. സെന്റ് ജോസഫ്സ് ദേവഗിരി കോളജില്‍ സംഘടിപ്പിച്ച മെഗാ ഡേറ്റ എന്‍ട്രി ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാര്‍ക്കും തന്മുദ്ര രജിസ്ട്രേഷനും യു.ഡി.ഐ.ഡി കാര്‍ഡും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിനായി ജില്ല പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും കേരള സാമൂഹിക സുരക്ഷ മിഷന്റെയും സാമൂഹിക നീതി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെയാണ് ‘സഹമിത്ര’ പദ്ധതി ജില്ലയില്‍ നടപ്പിലാക്കിവരുന്നത്.
ശേഖരിച്ച മുഴുവന്‍ വിവരങ്ങളും ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍, എൻ.എസ്.എസ്, കാമ്പസസ് ഓഫ് കോഴിക്കോട് വളന്റിയര്‍മാര്‍, ജില്ല കലക്ടറുടെ ഇന്റേര്‍ണുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡേറ്റ എന്‍ട്രി നടത്തിവരികയാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഇത്രയേറെ വിപുലമായ രജിസ്ട്രേഷന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം എടുക്കും എന്നതിനാലാണിത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ വിവിധ കോളജുകളിലായി നടന്ന ക്യാമ്പുകളിലൂടെ 20,000ത്തിലേറെ പേരുടെ വിവരങ്ങള്‍ തന്മുദ്ര വെബ്സൈറ്റിലും ഒമ്പതിനായിരത്തോളം പേരുടെ വിവരങ്ങള്‍ യു.ഡി.ഐ.ഡി പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ഏത് ആനുകൂല്യം ലഭിക്കണമെങ്കിലും യു.ഡി.ഐ.ഡി കാര്‍ഡ് നിർബന്ധമാണ്. രണ്ടാഴ്ചക്കകം ഇതിനുള്ള രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കും. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ബുധനാഴ്ച നടന്ന മെഗാ ക്യാമ്പില്‍ സെന്റ് ജോസഫ്സ് ദേവഗിരി കോളജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളജ്, വെസ്റ്റ്ഹില്‍ ഗവ. എൻജിനീയറിങ് കോളജ്, നടക്കാവ് ഹോളി ക്രോസ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള 500ലേറെ സ്റ്റുഡന്റ് വളന്റിയര്‍മാരും എന്‍.എസ്.എസ് പ്രവര്‍ത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

