മേഖല ശാസ്ത്രകേന്ദ്രം നവീകരണത്തിനൊരുങ്ങുന്നു;16.28 കോടിയുടെ പദ്ധതികൾ
text_fieldsകോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രം
കോഴിക്കോട്: മേഖല ശാസ്ത്ര കേന്ദ്രത്തിന് 16.28 കോടി രൂപയുടെ നവീകരണത്തിന് വഴിയൊരുങ്ങി. കേന്ദ്ര സർക്കാറിന്റെ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ ദക്ഷിണമേഖല കാര്യാലയം കൂടിയായ ബംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും ബംഗളൂരുവിലെ സമാഗത ഫൗണ്ടേഷനും ചേർന്നാണ് പുതിയ പദ്ധതി തയാറാക്കിയത്.
ജൂണിൽ തുടങ്ങി ഡിസംബറിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനായി വിശ്വേശ്വരയ്യ മ്യൂസിയവും (വി.ഐ.ടി.എം) സമാഗത ഫൗണ്ടേഷനും ധാരണപത്രം ഫെബ്രുവരി 28ന് ഒപ്പുവെച്ചു. ബംഗളൂരു ഐ.ടി.എമ്മിന് കീഴിലാണ് കോഴിക്കോട് പ്ലാനറ്റേറിയം പ്രവർത്തിക്കുന്നത്. പ്ലാനറ്റേറിയത്തിന്റെ നവീകരണത്തിനായി സമാഗത ഫൗണ്ടേഷൻ ഏഴു കോടിയുടെ ധനസഹായം നൽകാനാണ് കരാർ.
കേന്ദ്ര സർക്കാർ സാംസ്കാരിക മന്ത്രാലയത്തിനുകീഴിലുള്ള നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ബാക്കി 9.28 കോടി നൽകും. നവീകരണം തുടങ്ങിയാൽ പ്രദർശനം തൽക്കാലികമായി നിർത്തേണ്ടിവരും.
സന്ദർശകരുടെ ഒഴുക്ക്
കേന്ദ്ര സർക്കാറിന്റെ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന് കീഴിലുള്ള 26 ശാസ്ത്ര കേന്ദ്രങ്ങളിൽ കേരളത്തിലുള്ള ഏക കേന്ദ്രമായ കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രത്തിൽ കാഴ്ചക്കാരുടെ ഒഴുക്ക്. 1997 ജനുവരി 30ന് മുഖ്യമന്ത്രി ഇ.കെ. നായനാർ 5.6 ഏക്കർ സ്ഥലത്ത് തുറന്നുകൊടുത്തശേഷം 90 ലക്ഷത്തിലേറെ പേർ കേന്ദ്രത്തിലെത്തിയെന്നാണ് കണക്ക്.
ആളും വരുമാനവും കൂടുമ്പോഴും അത്യാവശ്യമായ ആധുനികവത്കരണം കേന്ദ്രത്തിൽ നടക്കുന്നില്ലെന്ന പരാതിക്ക് പുതിയ പദ്ധതിയോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ശാസ്ത്രം അനുദിനം വളരുമ്പോഴും 2012ൽ നവീകരിച്ച സംവിധാനമാണ് ഇപ്പോഴും കേന്ദ്രത്തിലുള്ളത്. ഇത് പുതുക്കേണ്ട കാലം അതിക്രമിച്ചു. 10 വർഷത്തിനിടക്കെങ്കിലും ഇത്തരം സംവിധാനങ്ങൾ മാറ്റാറുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങളും കാലഹരണപ്പെട്ടു.
പുതിയ പദ്ധതികൾ
നവീകരണത്തിന്റെ ഭാഗമായി മേഖല ശാസ്ത്ര കേന്ദ്രം അത്യാധുനിക ഹൈബ്രിഡ് പ്ലാനറ്റേറിയമായി ഉയർത്തും. ഡിജിറ്റൽ പ്രൊജക്ഷൻ സംവിധാനത്തോടൊപ്പം നൂതന ഒപ്റ്റോ മെക്കാനിക്കൽ സ്റ്റാർ പ്രോജക്ടറും സ്ഥാപിക്കും. എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വാദ്യകരമാക്കുംവിധം പ്ലാനറ്റേറിയം പ്രദർശനങ്ങൾ മാറ്റും. ഇപ്പോഴുള്ള ഒമ്പത് ജി.വി.ആർ പ്രോജക്ടറുകൾ പത്തുവർഷം മുമ്പ് പ്രവർത്തനം നിലച്ചു.
തുടർന്ന് പഴയ രീതിയിലുള്ള ഒപ്റ്റോ മെക്കാനിക്കൽ സംവിധാനത്തിലാണ് പ്രദർശനം. പ്ലാനറ്റേറിയത്തിലെ ശീതീകരണികൾ, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം മാറ്റും. ജ്യോതിശാസ്ത്ര ഗാലറിയുടെ നവീകരണവുമുണ്ടാവും. ഇതോടൊപ്പം പുതിയ കെട്ടിട നിർമാണവും അടുത്ത വർഷം തുടങ്ങാൻ നടപടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

