കോഴിക്കോട് എൻ.ഐ.ടി; പ്രതിഷേധിച്ച വിദ്യാർഥികൾക്കു മേൽ ചുമത്തിയ ലക്ഷങ്ങളുടെ പിഴ പിൻവലിച്ചത് അന്വേഷണ കമ്മിറ്റി റിപ്പോർട്ടും എതിരായതോടെ
text_fieldsചാത്തമംഗലം: കാമ്പസിലെ രാത്രികാല കർഫ്യൂവിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ലക്ഷങ്ങൾ പിഴ ചുമത്തിയ നടപടി പിൻവലിച്ച് കോഴിക്കോട് എൻ.ഐ.ടി തടിയൂരിയത് നിയമപരമായി തിരിച്ചടി ഭയന്ന്. ഡയറക്ടറുടെ നേത്യത്വത്തിൽ നിയോഗിച്ച അന്വേഷണ സമിതി നടപടിയെ ഐകകണ്ഠേന എതിർക്കുകയും ചെയ്തതോടെ പിഴ തിരക്കിട്ട് പിൻവലിക്കുകയായിരുന്നു. ബുധനാഴ്ച വിദ്യാർഥി ക്ഷേമ ഡീൻ പുറപ്പെടുവിച്ച ഉത്തരവിൽ, വിദ്യാർഥികളുടെ ഭാവിക്ക് ഉണ്ടാക്കിയേക്കാവുന്ന ദോഷം കണക്കിലെടുത്ത് പിഴ ഒഴിവാക്കിയെന്നാണ് പറയുന്നത്. വിദ്യാർഥികൾ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും 12 തവണ കേസ് വിളിക്കുകയും ചെയ്തെങ്കിലും മറുപടി നൽകാൻ എൻ.ഐ.ടി അധികൃതർ തയാറായില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ട വിദ്യാർഥികളിലൊരാളായ ബെൻ തോമസ്, പിഴ ചുമത്തിയതിനെയും ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനുള്ള തന്റെ അവകാശം ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിച്ചതിനെയും ചോദ്യം ചെയ്ത് നേരത്തെ കേരള ഹൈകോടതിയിൽ ഒരു റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. കോടതി വിദ്യാർഥിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്തു. ഹൈകോടതി ഉത്തരവ് പ്രകാരം എൻ.ഐ.ടിയിൽ ബാങ്ക് ഗാരന്റി നൽകിയാണ് ബെൻ പരിപാടിയിൽ പങ്കെടുത്തത്. ഈ ബാങ്ക് ഗ്യാരണ്ടി നിയമവിരുദ്ധമായി പണമാക്കി മാറ്റിയെന്ന് ആരോപിച്ച് ഡയറക്ടർക്കെതിരെ ബെൻ അടുത്തിടെ പൊലീസിൽ പരാതി നൽകിയിരുന്നു. മാത്രമല്ല, ഡയറക്ടറുടെ നേത്യത്വത്തിൽ നിയോഗിച്ച അന്വേഷണ സമിതിയിലെ മുഴുവൻ അംഗങ്ങളും പിഴ ചുമത്തിയ നടപടി ശരിയല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
2024 മാർച്ച് 22ന് സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ ഭാരവാഹികളടക്കം ആയിരത്തോളം വിദ്യാർഥികളാണ് രാത്രി കാല ഹോസ്റ്റൽ കർഫ്യൂവിനെതിരെ എൻ.ഐ.ടി കവാടങ്ങൾ ഉപരോധിച്ച് പ്രതിഷേധിച്ചത്. സമരത്തെതുടർന്ന് എൻ.ഐ.ടിയുടെ ഒരു പ്രവൃത്തി ദിനം നഷ്ടമായെന്ന് കാണിച്ചാണ് അഞ്ച് വിദ്യാർഥികളുടെ പേരിൽ 33 ലക്ഷം പിഴ ചുമത്തിയത്. വിദ്യാർഥികളായ വൈശാഖ് പ്രേംകുമാർ, സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ സ്പീക്കർ ആയിരുന്ന കൈലാസ് നാഥ്, ഇർഷാദ് ഇബ്രാഹിം, ആദർശ്, സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ സെക്രട്ടറി ബെൻ തോമസ് എന്നിവർക്കെതിരെ 6.61 ലക്ഷം രൂപ വീതമായിരുന്നു പിഴ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

