വഴിമുട്ടിയ ജീവിതത്തിലും മറ്റുള്ളവർക്ക് ‘വഴി’യൊരുക്കി രത്നാകരൻ
text_fieldsരത്നാകരൻ വാഹനങ്ങൾ നിയന്ത്രിക്കുന്നു
വേങ്ങേരി: പൊറുപ്പ് കടവരാന്തകളിലാണെങ്കിലും രത്നാകരന്റെ സേവനപ്രവർത്തനത്തിന് മഹത്ത്വമേറെയാണ്. നേരം പുലർന്ന് അന്തിയോളം വേങ്ങേരി ജങ്ഷനിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുകയാണ് മാസങ്ങളായി തെരുവിൽ അന്തിയുറങ്ങുന്ന രത്നാകരൻ.
വേങ്ങേരി മേൽപാലം പണിനടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കും ബാലുശ്ശേരി ഭാഗത്തേക്കുമുള്ള വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ടെങ്കിലും ഇരുഭാഗത്തേക്കുമുള്ള കാറുൾപ്പെടെയുള്ള വാഹനങ്ങൾ വേങ്ങേരി വഴി തന്നെയാണ് കടന്നുപോകുന്നത്. കഷ്ടിച്ച് ഒറ്റ വാഹനത്തിനുമാത്രം കടന്നുപോകാനുള്ള വഴിയിലൂടെ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ എത്തുമ്പോൾ കുരുക്കനുഭവപ്പെട്ട് വിഷമിച്ചിരുന്നു. ഇതേത്തുടർന്നാണ് ആറു മാസംമുമ്പ് മുതൽ ട്രാഫിക് നിയന്ത്രണം സ്വയം ഏറ്റെടുത്തത്. ഇതുവഴി കടന്നുപോകുന്ന പലരും കരുതുന്നത് കരാറുകാർ പണം നൽകി ആളെ ചുമതലപ്പെടുത്തിയതെന്നാണ്. വെയിലും മഴയിലും രത്നാകരൻ ചുമതല ഭംഗിയായി നിയന്ത്രിക്കുന്നതിനാൽ ഒരു കുരുക്കുമിവിടെയില്ല. രത്നാകരന്റെ കൈയിലെ മാറിമാറിയുള്ള കൊടിയടയാളങ്ങൾ അക്ഷരംപ്രതി യാത്രക്കാർ അനുസരിക്കും. ആദ്യം കൈമാത്രം ഉപയോഗിച്ച് വാഹനം നിയന്ത്രിച്ചെങ്കിൽ കൊടികളും ഉടുപ്പും മഴക്കോട്ടുമെല്ലാം സമീപവാസികൾ നൽകുകയായിരുന്നു.
രണ്ടുവർഷം മുമ്പ് തന്റെ മകൻ രജീഷ് മരിച്ചതോടെ വരക്കൽ കരുവിശ്ശേരി കോട്ടക്കാഞ്ഞിരക്കൽ രത്നാകരന്റെ ജീവിതവും താളം തെറ്റി. ഇതോടെ ഊണും ഉറക്കവും വേങ്ങേരി ജങ്ഷനിലെ കടവരാന്തയിലായി. ബോഡി വർക്ക്ഷോപ്പിലെ കരാറുകാരനായിരുന്നു 64കാരനായ രത്നാകരൻ. രത്നാകരനില്ലെങ്കിൽ ഇതുവഴി വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയില്ലെന്ന് സമീപത്തെ കടയുടമ ശശി തെക്കിനിയേടത്ത് പറഞ്ഞു. റോഡിൽ കിടക്കുന്ന താൻ പണം മോഹിച്ചല്ല ഇതൊന്നും ചെയ്യുന്നതെന്ന് രത്നാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

