അപൂർവ ഭൂഗർഭ മത്സ്യം ‘പാതാള പൂന്താരകനെ’ കരുമലയിൽ കണ്ടെത്തി
text_fieldsഎകരൂൽ: കോഴിക്കോടിന്റെ ജില്ല മത്സ്യമായി പ്രഖ്യാപിച്ച പാതാള പൂന്താരകൻ എന്ന അപൂർവയിനം ഭൂഗർഭ മത്സ്യത്തെ ഉണ്ണികുളം കരുമലയിൽ കണ്ടെത്തി. കരുമല കളത്തിൽ ലിനീഷിന്റെ വീട്ടിലെ കുടിവെള്ള പൈപ്പിലൂടെ പുറത്ത് വന്ന നിലയിലാണ് മത്സ്യത്തെ കണ്ടെത്തിയത്. അഞ്ചുവർഷം മുമ്പ് കോഴിക്കോട് കുന്ദമംഗലത്തിനടുത്തുള്ള ചെരിഞ്ചാലിൽ ആണ് പാഞ്ചിയോ ബുജിയ എന്ന ശാസ്ത്രനാമമുള്ള ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് നന്മണ്ടയിലും കണ്ടെത്തിയിരുന്നു.
കേരളത്തിൽ ശുദ്ധജലത്തിൽ മാത്രം കണ്ടുവരുന്ന ഈ മത്സ്യ വർഗത്തിന് 25 മില്ലിമീറ്റർ മാത്രമാണ് നീളം. മറ്റു മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സുതാര്യമായ ശരീരമുള്ള ഇവയുടെ തൊലിക്കുള്ളിലൂടെ ആന്തരിക അവയവങ്ങൾ കാണാൻ കഴിയും എന്ന പ്രത്യേകതയും ഈ മത്സ്യത്തിനുണ്ട്. നീളമേറിയ മീശകൾ ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്. പൂർണ വളർച്ചയെത്താത്ത കണ്ണുകൾ ഉള്ള ഈ അപൂർവ മത്സ്യം ഭൂമിക്കടിയിലെ ഉറവകളിലെ ശുദ്ധ ജലത്തിലാണ് വളരുന്നത്. വീട്ടിൽ സൂക്ഷിച്ച മത്സ്യത്തെ ഗവേഷണത്തിനായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

