Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: ദുരന്തനിവാരണത്തിന്...

മഴ: ദുരന്തനിവാരണത്തിന് മുന്നൊരുക്കം

text_fields
bookmark_border
മഴ: ദുരന്തനിവാരണത്തിന് മുന്നൊരുക്കം
cancel
Listen to this Article

കോഴിക്കോട്: കാലവർഷത്തിൽ ജില്ലയിൽ 28 വില്ലേജുകളിലായി 71 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത (ലോലപ്രദേശങ്ങൾ) യുള്ളതായി കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടി. മണ്ണിടിച്ചിൽ ഭീഷണിയുള്ള 997 കുടുംബങ്ങളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജില്ല കലക്ടർ എൻ. തേജ്ലോഹിത് റെഡ്ഡി അറിയിച്ചു.

കുടുംബങ്ങളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. അവരെ മാറ്റിപ്പാർപ്പിക്കാനുള്ള ഷെൽട്ടറുകളും തയാറാക്കിയിട്ടുണ്ട്. പഞ്ചായത്തുകളുടെയും പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടാകുന്ന സമയത്ത് ജില്ലയിലെ മൂന്ന് അണക്കെട്ടുകളുടെയും എമർജൻസി ആക്ഷൻ പ്ലാൻ തയാറാക്കിക്കഴിഞ്ഞു. ഈ മാസം ആദ്യം നടന്ന യോഗത്തിൽ ഡാമുകൾക്ക് അപകടം ഉണ്ടായാലോ, അവ ജാഗ്രതാ നിർദേശത്തെ തുടർന്ന് തുറന്നുവിടുകയോ ചെയ്യേണ്ടിവരുമ്പോൾ ബാധിക്കപ്പെടുന്ന 24 വില്ലേജുകളിലെ പ്രദേശങ്ങളുടെ മാപ്പ് തയാറാക്കി. ഇവിടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതിനായി ഷെൽട്ടറുകളും തയാറായി.

കൂടാതെ, വിവിധ റോഡുപണികൾ കാരണമുണ്ടാകുന്ന തടസ്സങ്ങൾ‌ മൂലം രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ പരിഹരിക്കാനുള്ള ഉത്തരവും നൽകി. ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗശേഷം മാധ്യമങ്ങളോടു പറഞ്ഞു. ഇതുവരെ നടത്തിയ മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ജില്ലയുടെ ചുമതലകൂടിയുള്ള മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ ഇതു വരെയായി നടത്തിയ മുഴുവൻ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചചെയ്തു.

ജില്ലയിൽ കാലവർഷത്തിനുള്ള തയാറെടുപ്പുകൾ ഈ വർഷമാദ്യംതന്നെ ആരംഭിച്ചിരുന്നു. ജനുവരിയിൽ നടന്ന ഡി.ഡി.എം.എ യോഗത്തിൽ മുൻവർഷങ്ങളിലുണ്ടായ പ്രളയം, വെള്ളക്കെട്ടുകൾ എന്നിവ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ പുതുതായി സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്തിരുന്നു. കൂടാതെ, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും പ്രത്യേകം നോഡൽ ഓഫിസറെയും നിയമിച്ചു.

തുടർന്ന് മാ‍ർച്ച് മാസത്തിൽ ചേർന്ന യോഗത്തിൽ നദികളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള നടപടികൾ ചർച്ചചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക, ബ്ലോക്ക്, ജില്ല കമ്മിറ്റികൾ രൂപവത്കരിച്ചു.

യോഗത്തിന്റെ തുടർനടപടിയായി 50ഓളം പഞ്ചായത്തുകളിലെ 83 ജലാശയങ്ങളിൽനിന്ന് ഒഴുക്ക് തടസ്സപ്പെടുത്തുന്ന ചളിയും മാലിന്യങ്ങളും നീക്കം ചെയ്തു. കൂടാതെ കോഴിക്കോട് കോർപറേഷൻ, നാല് മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തി. മാഹിപ്പുഴ, കോരപ്പുഴ, ചാലിയാർ, കുറ്റ്യാടി പുഴ എന്നിവിടങ്ങളിലെ എക്കൽ നീക്കുന്ന പ്രവൃത്തിയും ഇതോടനുബന്ധിച്ച് ചെയ്തു.

എല്ലാ പ്രദേശങ്ങളിലും മഴക്കാല പകർച്ചവ്യാധികൾ തടയാനുള്ള ശുചീകരണ യജ്ഞങ്ങൾ, ബോധവത്കരണം എന്നിവ ജില്ല മെഡിക്കൽ ഓഫിസ് ഏകോപിപ്പിക്കുന്നുണ്ട്. കൂടാതെ, എല്ലാ ഹെൽത്ത് സെന്ററുകളിലും സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകൾ എത്തിക്കാനും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന ബോട്ടുകൾ, എക്സ്കവേറ്ററുകൾ, വാഹനങ്ങൾ എന്നിവ ലഭ്യമാക്കുന്നവരുടെ കോൺടാക്ട് നമ്പറുകൾ എല്ലാ തഹസിൽദാർമാരും ശേഖരിച്ചിട്ടുണ്ട്.

കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഡ്രെയ്നേജുകൾ തടസ്സപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ വേണ്ട പ്രവർത്തനങ്ങൾ അടിയന്തരമായി ചെയ്യേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ചചെയ്തു.

തദ്ദേശസ്വയംഭരണം, പൊലീസ്, അഗ്നിരക്ഷ, ആരോഗ്യം, ജലസേചനം, കെ.എസ്.ഇ.ബി, ഫിഷറീസ് എന്നീ വകുപ്പുകൾക്ക് മന്ത്രി യോഗത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകി. അടിയന്തര ദുരന്തപ്രതികരണ പ്രവർത്തനത്തിനായി തുക മാറ്റിവെക്കേണ്ടതും ക്യാമ്പുകളിലെയും ദുരന്തമേഖലയിലെയും പട്രോളിങ്ങും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതും ദുരന്ത സാധ്യതാ പ്രദേശത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളുടെയും ലിസ്റ്റ് തയാറാക്കുന്നതും പുഴകളും കനാലുകളും തടസ്സങ്ങൾ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതുമുൾപ്പെടെ നിരവധി പ്രധാന കാര്യങ്ങൾ പൂർത്തിയായിട്ടുണ്ട്.

മുഴുവൻ സന്നാഹങ്ങളോടെയുംകൂടിയുള്ള 20 അംഗ എൻ.ഡി.ആർ.എഫ് ടീം ജില്ലയിൽ ക്യാമ്പ് ചെയ്തു കഴിഞ്ഞതായി ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രശ്നപരിഹാരത്തിന് അടിയന്തരമായി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്തു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ എം.എൽ.എമാരും തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainDisaster relief
News Summary - Rain: Preparing for disaster relief
Next Story