റെയിൽപാള മോഷ്ടാക്കൾ അറസ്റ്റിൽ
text_fieldsറെയിൽവേ സാമഗ്രികൾ കവർച്ച നടത്തിയ പ്രതികളും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരും. ലോറിയിൽ ഇവർ മോഷ്ടിച്ച
സാധനങ്ങൾ
കോഴിക്കോട്: റെയിൽപാത നവീകരണത്തിന്റെ ഭാഗമായി സൂക്ഷിച്ച റെയിൽപാളവും അനുബന്ധ സാമഗ്രികളും മോഷ്ടിച്ച ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച റെയിൽവേ മുതലുകൾ പയ്യോളി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള വാടകക്കെട്ടിടത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ബംഗാൾ, അസം സ്വദേശികളാണ് അറസ്റ്റിലായവർ. മയനുൽ ഹഖ് (27), ജഹാംഗീർ (28), ഷെയഖ് സൈദുൽ (34), ജാനെ ആലം ഖാൻ (46), മാജം അലി (19), ഷെയ്ഖ് ആലംഗീർ (39), സാബുർ അലി (37) എന്നിവരാണ് അറസ്റ്റിലായത്. പയ്യോളി ബീച്ച് റോഡിലെ കൊല്ലന്റവിട വീട്ടിൽ നിന്ന് ആറുപേരെയും പെരുമാൾപുരം ഹരീഷ് റോഡിലെ സി.പി.കെ മൻസിൽ എന്ന വീട്ടിൽ നിന്നും ഒരാളെയും ആർ.പി.എഫ് സംഘം അറസ്റ്റ് ചെയ്തു . ഇത്രയും കൂടുതൽ റെയിൽവേ മുതലുകൾ മോഷ്ടിച്ചത് പിടികൂടുന്നത് ആദ്യ സംഭവമാണ്. കവർച്ച നടത്തിയ സാധനങ്ങൾ ഇവരുടെ താമസ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു. റെയിൽവേയുടെ സാധനങ്ങൾ മാത്രം പ്രത്യേകമായിട്ടാണ് ഇവർ രഹസ്യമായി സൂക്ഷിച്ചിരുന്നത്. പുറത്ത് ആക്രിക്കടകളിലൊന്നും വിൽപന നടത്താതെ ഒരു ലോഡ് സാധങ്ങളായാൽ കയറ്റിയയക്കുന്ന സംവിധാനമാണ് പ്രതികൾ സ്വീകരിച്ചിരുന്നതെന്ന് ആർ.പി.എഫ് അറിയിച്ചു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിശോധന സംഘത്തിൽ കോഴിക്കോട് ആർ.പി.എഫ് ഇൻസ്പെക്ടർ ഉപേന്ദ്ര കുമാർ, സബ് ഇൻസ്പെക്ടർ ഷിനോജ് കുമാർ, എ.എസ്.ഐ നന്ദഗോപാൽ, ഹെഡ് കോൺസ്റ്റബിൾ ഷമീർ, കോൺസ്റ്റബിൾമാരായ എം.കെ. പ്രകാശൻ, അബ്ദുൽ റിയാസ്, സജിത്ത്, സജി ജോയ്, ബൽറാം ഗുജ്ജാർ എന്നിവരാണുണ്ടായിരുന്നത്.