ചരിത്രംകുറിച്ച കടലുണ്ടി ഇന്ന് പരിതപിക്കുന്നു
text_fieldsകടലുണ്ടി റെയിൽവേ സ്റ്റേഷൻ
കടലുണ്ടി: ഒന്നര നൂറ്റാണ്ടു മുമ്പ് കേരളത്തിൽ ആദ്യമായി പിറവികൊണ്ട ചാലിയം റെയിൽവേ സ്റ്റേഷനു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന കടലുണ്ടി, മറ്റിടങ്ങളിൽ നടക്കുന്ന വികസന കുതിപ്പോർത്ത് പരിതപിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ചാലിയത്തു നിന്ന് തിരൂരിലേക്ക് 1861 മാർച്ച് 12ന് 30 കി.മീറ്റർ ദൂരമുള്ള ട്രാക്കിലൂടെ തീവണ്ടി കൂകിപ്പാഞ്ഞത്.
പിൽക്കാലത്ത് ചാലിയാറിനു കുറുകെ ഫറോക്കിൽ കൂറ്റൻ ഇരുമ്പുപാലം നിർമിച്ച് 1888ൽ കോഴിക്കോട്ടേക്ക് ട്രെയിൻ സർവിസ് നീട്ടുകയായിരുന്നു. എന്നാൽ, ചാലിയം റെയിൽവേ സ്റ്റേഷൻ ഓർമയിലേക്ക് മാഞ്ഞപ്പോൾ പിറവിയെടുത്തതാണ് കടലുണ്ടി. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിട്ടുനിൽക്കുന്ന കടലുണ്ടിയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവാദിക്കാതെ റെയിൽവേ യാത്രക്കാരുടെ ക്ഷമ പരിശോധിക്കുകയാണ്.
പാസഞ്ചർ ട്രെയിനുകൾ ഒഴിച്ചാൽ ദീർഘദൂര ട്രെയിനുകളിൽ മംഗളൂരു-ചെന്നൈ എഗ് മോർ എക്സ്പ്രസിനു മാത്രമാണ് സ്റ്റോപ്പുള്ളത്. കോഴിക്കോട്-തൃശൂർ പാസഞ്ചറിനു സ്റ്റോപ്പ് ഉണ്ടായിരുന്നെങ്കിലും ട്രെയിൻ സർവിസ് നിർത്തിയതോടെ തൃശൂർ ഭാഗത്തേക്ക് പോകാൻ മാർഗമില്ലാതായി. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്ന ഘട്ടം വരെയെത്തിയെങ്കിലും റെയിൽവേ പാലക്കാട് ലോബിയുടെ ‘ഇടപെടൽ’ മൂലം പദ്ധതി വെളിച്ചം കണ്ടില്ല.
ടൂറിസം ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ച കടലുണ്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ദിനംപ്രതി വർധിക്കുകയാണ്. സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമായി നവീകരണം നടത്തുന്നുണ്ടെങ്കിലും വികസന പ്രവർത്തനങ്ങൾ വേണ്ടത്ര ആയിട്ടില്ല. രാജ്യത്ത് അടുത്ത ഘട്ടം പ്രഖ്യാപിക്കുന്ന അമൃത് ഭാരത് പദ്ധതിയിൽ കടലുണ്ടി ഉൾപ്പെട്ടേക്കുമെന്ന സൂചനയുണ്ട്. റെയിൽവേ ഡിവിഷനൽ മാനേജർ(പാലക്കാട്) മധുകർ റോട്ട് അടുത്ത ദിവസം കടലുണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് ഭാവി വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

