ഒറ്റക്കാണോ യാത്ര...പൊലീസ് കാവലുണ്ടാകും
text_fieldsകോഴിക്കോട്: ഒറ്റക്ക് ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് പൊലീസിന്റെ കാവൽ ഉറപ്പുവരുത്തി റെയിൽ മൈത്രി ആപ്. റെയിൽവേ പൊലീസ് സ്റ്റേഷനാണ് ഈ ആപ്ലിക്കേഷൻ ഒരുക്കിയത്. ‘റെയിൽ മൈത്രി’ എന്ന ആപ്ലിക്കേഷൻ വഴി ഒറ്റക്ക് യാത്ര ചെയ്യുന്ന കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് സുരക്ഷ ഉറപ്പുലഭിക്കും.
കേരള പൊലീസിന്റെ ‘പോൾ ആപ്’ മുഖാന്തരം ‘റെയിൽ മൈത്രി’ ഡൗൺലോഡ് ചെയ്യാം. കോച്ച് നമ്പർ, ട്രെയിനിനെക്കുറിച്ച വിശദാംശങ്ങൾ, യാത്രക്കാരുടെ ഫോട്ടോ എന്നിവ ‘റെയിൽ മൈത്രി ’ സർവിസ് വഴി പങ്കുവെച്ചാൽ റെയിൽവേ പൊലീസിന്റെ കൺട്രോൾ റൂം മുഖേന ഇവരെ നിരീക്ഷിക്കും. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ കടകളുടെ വിശദാംശങ്ങൾ, തീവണ്ടി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി പൊലീസുമായി പങ്കുവെക്കൽ, യാത്രക്കിടയിൽ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ അന്വേഷണവും തുടർവിവരങ്ങൾ പങ്കുവെക്കലും ഇതിലൂടെ സാധ്യമാണ്.
ട്രെയിനിലോ പാളത്തിലോ പ്ലാറ്റ്‌ഫോമിലോ അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ പൊലീസിനെ അറിയിക്കാനും ഈ ആപ്പിലൂടെ സാധിക്കും. രണ്ടു മാസത്തിനുള്ളിൽ പരമാവധി പൊതു ജനങ്ങളിലേക്ക് റെയിൽ മൈത്രി സേവനം എത്തിക്കുന്നതിന് ബോധവത്കരണ പരിപാടികൾ ആരംഭിച്ചതായി കോഴിക്കോട് റെയിൽവേ പൊലീസ് അധികൃതർ പറഞ്ഞു. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ‘പോൾ ആപ്’ ഡൗൺലോഡ് ചെയ്ത് ‘റെയിൽ മൈത്രി’ സേവനം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

