വീണ്ടും റഫി സ്മരണ; നഗരത്തിന്റെ സ്മാരകത്തിന് ഇനിയും കാത്തിരിക്കണം
text_fields1. മുഹമ്മദ് റഫി സ്മാരകം നിർമിക്കുന്ന അരബിന്ദ് ഘോഷ് റോഡിലെ സ്ഥലം 2. മുഹമ്മദ് റഫി സ്മാരകത്തിന്റെ മാതൃക
കോഴിക്കോട്: അനശ്വര ഗായകൻ മുഹമ്മദ് റഫി വിടപറഞ്ഞ് 43 കൊല്ലം പൂർത്തിയാവുന്നതോടനുബന്ധിച്ച് നഗരത്തിൽ വീണ്ടും റഫിയുടെ പാട്ടുകളുടെ പെരുമഴക്കാലം. റഫി ചരമദിനമായ ജൂലൈ 31 വരെ നഗരമെങ്ങും സംഗീത പരിപാടികൾ സംഘടിപ്പിക്കുമ്പോഴും അദ്ദേഹത്തിന് ഉചിതമായ സ്മാരകമായില്ലെന്ന വിഷമത്തിലാണ് ആരാധകർ. ലോകത്തുതന്നെ ഏറ്റവും ആരാധകരുള്ള ഇടങ്ങളിലൊന്നായ കോഴിക്കോട്ട് റഫിയുടെ പേരിലുള്ള റോഡാണ് നിലവിലുള്ള സ്മാരകം.
കസ്റ്റംസ് റോഡിനും വെള്ളയിലിനുമിടയിൽ 640 മീറ്ററോളം ദൂരമുള്ള പാതക്കാണ് കോർപറേഷൻ റഫിയുടെ പേര് നൽകിയത്. ഇതോടൊപ്പം പ്രഖ്യാപനം വന്ന സ്മാരക മന്ദിരത്തിന്റെ പണിയാണ് ഇനിയും തുടങ്ങാനാവാത്തത്. അരബിന്ദ് ഘോഷ് റോഡിൽ റഫി സ്മാരകത്തിനായി കോർപറേഷൻ സ്ഥലം വിട്ടുനൽകിയിട്ടും നിർമാണം തുടങ്ങാനായില്ല. ഏറ്റവുമൊടുവിൽ ചുറ്റുമതിൽ പൂർത്തിയായിട്ടുണ്ട്.
മുഹമ്മദ് റഫി ഗാർഡനും മ്യൂസിയവും പണിയാൻ തറക്കല്ലിട്ടിട്ട് മൂന്നാംകൊല്ലത്തിലേക്ക് കടന്നിരിക്കുകയാണ്. മ്യൂസിയത്തിന് അന്ന് മേയർ തോട്ടത്തിൽ രവീന്ദ്രനാണ് തറക്കല്ലിട്ടത്. പണ്ട് കോർപറേഷൻ മാലിന്യ സംഭരണകേന്ദ്രമായിരുന്ന 3.6 സെന്റ് സ്ഥലത്താണ് മ്യൂസിയം വരുന്നത്. മുഹമ്മദ് റഫി ഫൗണ്ടേഷനാണ് നിർമാണത്തിന്റെ ചുമതല.
സ്ഥലത്തുള്ള വലിയ നാല് മരങ്ങൾ മുറിക്കാനുള്ള സങ്കേതിക പ്രശ്നങ്ങളായിരുന്നു തുടക്കത്തിൽതന്നെ പണി നീളാൻ കാരണം. കോർപറേഷൻ സ്ഥലത്ത് വളർന്ന വൻ മഴമരങ്ങൾ പിന്നീട് മുറിച്ചുനീക്കി. മരങ്ങൾ നീക്കാൻ പല വകുപ്പുകളുടെയും അനുമതി കിട്ടുന്നതും മറ്റുമായിരുന്നു പ്രശ്നം.
അഖിലേന്ത്യ റഫി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഓർമയുണർത്തുന്ന സാധനങ്ങളും മുഴുവൻ ഗാനങ്ങളും മ്യൂസിയത്തിൽ ഒരുക്കാനാണ് ശ്രമം. റഫിയുടെ ജനനം മുതൽ അവസാനം വരെയുള്ള സംഭവങ്ങളും പ്രദർശിപ്പിക്കും.
ആംഫി തിയറ്റർ, കോൺഫറൻസ് ഹാൾ തുടങ്ങിയവയെല്ലാം ചെറിയ സ്ഥലത്ത് ഉൾക്കൊള്ളിച്ചുള്ള പ്ലാൻ തയാറായിട്ടുണ്ട്. ഹർമോണിയത്തിന്റെ മാതൃകയിലുള്ള കെട്ടിടമാണ് ഉയരുകയെന്ന് റഫി ഫൗണ്ടേഷന്റെ മ്യൂസിയം കമ്മിറ്റി ജനറൽ കൺവീനർ കെ. സുബൈർ പറഞ്ഞു. കെ.വി. സക്കീർ ഹുസൈൻ ചെയർമാനായ കമ്മിറ്റിക്കാണ് നിർമാണച്ചുമതല.
തിങ്കളാഴ്ച വരെ പരിപാടികൾ
റഫിയുടെ ഓർമയുണർത്തി നഗരത്തിൽ വിവിധ കൂട്ടായ്മകളുടെ പരിപാടികൾ ചരമദിനമായ തിങ്കളാഴ്ച വരെയുണ്ടാവും. റഫി ലവേഴ്സ് കാലിക്കറ്റിന്റെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ ബുധനാഴ്ച 43 പാട്ടുകളുടെ ഗാനാഞ്ജലി നടന്നു. ഒറ്റ ദിവസം റഫിയുടെ 100 പാട്ട് പാടി പേരെടുത്ത പാളയത്തെ തൊഴിലാളിയായ ഇരിങ്ങല്ലൂരിലെ അഷ്റഫാണ് പാടിയത്.
കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) ആഭിമുഖ്യത്തിൽ റഫി നൈറ്റ് തിങ്കളാഴ്ച വൈകീട്ട് ആറിന് ടൗൺഹാളിൽ മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ഡോ. സുരേഷ് നമ്പ്യാരാണ് നയിക്കുക. ഞായറാഴ്ച തമ്പുരു മ്യൂസിക് ലവേഴ്സ് ട്രസ്റ്റിന്റെ 43 പാട്ടുകളുടെ അവതരണം തണ്ണീർപന്തലിൽ വേങ്ങേരി സർവിസ് കോഓപ് ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. മുഹമ്മദ് റഫി ഫൗണ്ടേഷന്റെ അനുസ്മരണവും ഞായറാഴ്ചയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

