പുതു സൗകര്യങ്ങളുമായി പുതിയാപ്പ മത്സ്യബന്ധന തുറമുഖം
text_fieldsകോഴിക്കോട്: 26 വയസ്സ് പൂർത്തിയാവുന്ന പുതിയാപ്പ മത്സ്യബന്ധന തുറമുഖത്ത് പുതിയ സൗകര്യങ്ങൾ ഒരുങ്ങി. തെക്കേ പുലിമുട്ടില്‍നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികൾ, 27 ലോക്കര്‍ മുറികൾ, 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുകൾ എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഹാർബറിലെത്തിയ നിറഞ്ഞ സദസ്സിനു മുന്നിൽ നാടിന് സമർപ്പിച്ചു. ഹാര്‍ബറിലേക്കുള്ള 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ്, ശുദ്ധജല വിതരണ സംവിധാനങ്ങൾ എന്നിവയും പുതിയ സൗകര്യങ്ങളിൽപെടുന്നു.
രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്.കെ.വി.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി രൂപ ചെലവിലാണ് നിര്‍മാണം. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് പണിതീർത്തത്. തീരദേശത്തിന്റെയും ഹാര്‍ബറുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ലോക്കര്‍ മുറികളുടെയും ചുറ്റുമതിലിന്റെയും പണി രണ്ടേകാല്‍ കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് തീർത്തത്. അപ്രോച്ച് റോഡിന് 95 ലക്ഷം രൂപയും ചെലവായി. മൊത്തം 14.2 കോടി രൂപ ചെലവിൽ ഒരുക്കിയ സജ്ജീകരണങ്ങളാണ് നഗരത്തിന് സമർപ്പിച്ചത്.
പുതിയാപ്പ മത്സ്യബന്ധന ഹാര്‍ബറിനെ ആശ്രയിച്ചു കഴിയുന്ന നാലായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യാനുബന്ധ തൊഴിലാളികള്‍ക്കും പുതിയ സജ്ജീകരണങ്ങൾ ഗുണകരമാവും. ഇതോടെ ഹാര്‍ബറിലെ അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സ്വന്തം സൈന്യമായി പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്. 1982ല്‍ വിഭാവനംചെയ്ത പുതിയാപ്പ ഫിഷിങ് ഹാര്‍ബര്‍ 1996ലാണ് കമീഷന് ചെയ്തത്. ശരാശരി 30 അടി ദൈര്‍ഘ്യമുള്ള 250 യാനങ്ങള്‍ക്കുവേണ്ടിയുള്ള രൂപരേഖയായിരുന്നു അന്ന് തയാറാക്കിയത്. സൗകര്യം മതിയാകാതെ വന്നതോടെ 2018ല്‍ ആരംഭിച്ച നവീകരണപ്രവര്‍ത്തനങ്ങളാണ് നാടിനു സമര്‍പ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മേയര്‍ ഡോ. ബീന ഫിലിപ്, കൗൺസിലർ വി.കെ. മോഹൻദാസ്, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

