പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം മാസത്തിലേക്ക്; പണി തുടങ്ങാതെ പുതിയപാലം
text_fieldsകോഴിക്കോട്: പുതിയപാലത്തെ പാലം വലുതാക്കുകയെന്ന നഗരത്തിന്‍റെ എറെക്കാലമായുള്ള സ്വപ്നം ഇനിയും നീളുമെന്ന് ആശങ്ക. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് 48 ദിവസം പിന്നിട്ടിട്ടും നിർമാണപ്രവൃത്തി ആരംഭിക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞമാസം മൂന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
കരാർ ഏറ്റെടുത്തത് പി.എം.ആർ കമ്പനിയാണ്. നേരത്തേ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് (യു.എൽ.സി.സി.എസ്) കരാർ കൊടുക്കാൻ തീരുമാനമുണ്ടായിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
കരാറും എഗ്രിമെന്‍റും വർക്ക് ഓർഡറും ആകുന്നതിന്‍റെ മുമ്പുതന്നെ പ്രവൃത്തി ഉദ്ഘാടനം നടത്തിയതും പണി ഇനിയും തുടങ്ങാത്തതിന് കാരണമാണ്.
കേരള റോഡ് ഫണ്ട് ബോർഡിന്റെ തിരുവനന്തപുരത്തുള്ള പ്രോജക്ട് ഡയറക്ടർ ഓഫിസിൽ നിന്നും എഗ്രിമെന്റ് നടന്നതായുള്ള ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിവ്. ലേലത്തിൽ ഉണ്ടായിരുന്ന പി.എം.ആറിനോ ഊരാളുങ്കൽ സൊസൈറ്റിക്കോ നിർമാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇതുവരെയായും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
സ്ഥലമെടുപ്പും പാലം പണിയുമടക്കം മൊത്തം 40.9 കോടി ചെലവുള്ള പാലംപണി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) പദ്ധതിയായാണ് നടപ്പാക്കുന്നത്. 40 വർഷത്തിലേറെ പഴക്കമുള്ള ഇടുങ്ങിയ ഇപ്പോഴത്തെ പാലം അപകടാവസ്ഥയിൽ തുടരുകയാണ്.
രണ്ട് ഇരുചക്രവാഹനങ്ങൾക്ക് എതിരെ കടന്നുപോകാനാവാത്ത അവസ്ഥയാണിപ്പോൾ. പാലം നിർമാണവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കൽ ഏറക്കുറെ പൂർത്തിയായതാണ്. ആർച് മാതൃകയിൽ 125 മീറ്റർ നീളവും 11.05 മീറ്ററിലേറെ വീതിയിലും പാലം പണിയാനാണ് തീരുമാനം.
പാലം നിർമിക്കുന്നതിന് മുന്നോടിയായി ഏറ്റെടുത്ത കെട്ടിടങ്ങളിൽ മിക്കതും പൊളിച്ചിട്ടുണ്ട്. പാലത്തിനായി ഭൂമി വിട്ടുകൊടുത്തവർക്കും കച്ചവടക്കാർക്കുമെല്ലാം നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള പാക്കേജാണ് നടപ്പാക്കുന്നത്. നിരന്തരശ്രമങ്ങളുടെയും ചർച്ചകളുടെയും ഫലമായി 2021 ലാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്.
തളി ക്ഷേത്രത്തെയും മാങ്കാവ് മിനി ബൈപാസിനെയും ബന്ധിപ്പിക്കുന്ന വലിയ പാലം വരുന്നതോടെ പുതിയപാലത്തുകൂടിയുള്ള യാത്ര സുഗമമാകും. പാളയം ഭാഗത്തുനിന്ന് മാങ്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നഗരത്തിലെ തിരക്കിൽപെടാതെ യാത്രചെയ്യാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.