പുത്തംവീട്ടിൽ–തോട്ടത്തിൽ മുക്ക്; നാട്ടുകാർ അറിയാതെ റോഡ് ‘നിർമിച്ച്’ പഞ്ചായത്ത്
text_fieldsനാദാപുരം 17ാം വാർഡിൽ നിർമാണം പാതിവഴിയിൽ
നിർത്തിവെച്ച പുത്തംവീട്ടിൽ -തോട്ടത്തിൽ മുക്ക് റോഡ്
റോഡ് കോൺക്രീറ്റ് ചെയ്യാതെ ടാറിങ് മാത്രം നടത്താനുള്ള പഞ്ചായത്തിന്റെ പ്രത്യേക താൽപര്യത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ്, വർഷങ്ങൾക്ക് മുമ്പുള്ള ഭരണസമിതി ഈ റോഡിന് ഫണ്ടനുവദിച്ചതായും ടാറിങ് അടക്കം പൂർത്തിയാക്കിയതായി രേഖകൾ നിർമിച്ചതായും വെളിപ്പെടുന്നത്
നാദാപുരം: പുത്തംവീട്ടിൽ -തോട്ടത്തിൽ മുക്ക് റോഡിൽ ടാറിങ് നടത്തിയതായി പഞ്ചായത്തിൽ വ്യാജരേഖ. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ‘പുനർ നിർമാണ’ പ്രവൃത്തി പാതിവഴിയിൽ നിർത്തി പഞ്ചായത്തധികൃതർ. നാദാപുരം പഞ്ചായത്ത് 17ാം വാർഡിലാണ് വിചിത്ര നടപടിയുമായി റോഡ് നിർമാണത്തിന് അധികൃതർ ഒരുക്കംകൂട്ടിയത്.
വാർഡിലെ പുത്തംവീട്ടിൽ മുക്കിൽനിന്ന് തോട്ടത്തിൽ മുക്ക് വഴി റോഡ് നിർമിക്കുകയെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. ചതുപ്പ് നിലമായ സ്ഥലത്ത് കോൺക്രീറ്റ് റോഡ് വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ, ടാറിങ് മാത്രമേ നടത്താൻ കഴിയൂവെന്നായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. ഇതോടെ, കഴിഞ്ഞ മാർച്ചിൽ റോഡ് നിർമാണ നീക്കം തടസ്സപ്പെട്ടിരുന്നു.
ഈ സാമ്പത്തിക വർഷാവസാനത്തിലും ടാറിങ് ജോലിക്കായി വീണ്ടും കരാറുകാരൻ സ്ഥലത്തെത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ടാറിങ് മാത്രം നടത്താനുള്ള പഞ്ചായത്തിന്റെ പ്രത്യേക താൽപര്യത്തെക്കുറിച്ചുള്ള നാട്ടുകാരുടെ അന്വേഷണത്തിലാണ്, വർഷങ്ങൾക്ക് മുമ്പുള്ള ഭരണസമിതി ഈ റോഡിന് ഫണ്ടനുവദിച്ചതായും ടാറിങ് അടക്കം പൂർത്തിയാക്കിയതായി രേഖകൾ നിർമിച്ചതായും വെളിപ്പെടുന്നത്. എന്നാൽ, റോഡിൽ ഒരുവിധ നിർമാണപ്രവൃത്തി നടത്തിയതായും നാട്ടുകാർക്കറിയില്ല.
ഇതോടെ ആരാണ് ഫണ്ട് പാസാക്കിയതെന്നും എവിടെയാണ് ഫണ്ട് ചെലവഴിച്ചതെന്നും അറിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. ചതുപ്പ് നിലത്തിൽ ടാറിങ് വേണ്ടെന്ന നിലപാടും സ്വീകരിച്ചു. മുസ്ലിം ലീഗ് മെംബർ മാത്രം വിജയിച്ചിട്ടുള്ള വാർഡിൽ തട്ടിപ്പിന് കൂട്ടുനിന്നവരെ തുറന്നുകാണിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതോടൊപ്പം തൊട്ടടുത്ത് തന്നെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച മറ്റൊരു റോഡിന്റെ പ്രവൃത്തി വാർഡ് മെംബർ തന്നെ തടഞ്ഞതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

